പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കണം: വ്യാപാരിയുടെ പരാതി മുഖ്യമന്ത്രിയ്ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ നിന്നും പതിനാലു വർഷം മുൻപ് കോടിമതയിലേയ്ക്കു പറിച്ചു നട്ട വെസ്റ്റ് പൊലീസ് സ്റ്റേഷൻ തിരികെ തിരുനക്കരയിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരിയുടെ പരാതി മുഖ്യമന്ത്രിയ്ക്ക്. നഗരത്തിലെ വ്യാപാരിയായ ശ്രീകുമാറാണ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതടക്കം പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിൽ നിന്നു മാറിയതിനു ശേഷമുണ്ടായ അക്രമസംഭവങ്ങളും, കൊലപാതകങ്ങളും എണ്ണമിട്ട് നിരത്തിയാണ് ശ്രീകുമാർ പരാതി നൽകിയിരിക്കുന്നത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കരയിലെ സ്ഥലത്താണ് നേരത്തെ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. എന്നാൽ, പതിനാലു വർഷം മുൻപ് ഈ സ്ഥലം നഗരസഭ പൊലീസിൽ നിന്നു തിരികെ വാങ്ങുകയായിരുന്നു. ഇവിടെ ഷോപ്പിംഗ് കോപ്ലക്സ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ അന്ന് ഈ സ്ഥലം തിരികെ വാങ്ങിയതും കെട്ടിടം പൊളിച്ചു കളഞ്ഞതും. എന്നാൽ, പതിനാല്
വർഷം കഴിഞ്ഞിട്ടും ഇവിടെ യാതൊരു വിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. എം.സി റോഡരികിലുള്ള നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സായ രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജോസ്‌കോ ജ്യുവലറിയുടെ പാർക്കിംഗ് മൈതാനമായാണ് ഇപ്പോൾ ഈ പഴയ പൊലീസ് സ്റ്റേഷൻ മൈതാനം ഉപയോഗിക്കുന്നതെന്നടക്കം ശ്രീകുമാർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിൽ നിന്നു മാറ്റിയതോടെ കഴിഞ്ഞ ദിവസമുണ്ടായതടക്കം അഞ്ചിലേറെ കൊലപാതകങ്ങളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നഗരത്തിൽ മാത്രം നടന്നത്. ലൈംഗിക തൊഴിലാളികളായ സ്ത്രീകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയത് ഈ നഗമധ്യത്തിൽ വച്ചായിരുന്നു. ചന്തയ്ക്കുള്ളിൽ വച്ച് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതും, തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിനു മുന്നിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതും പൊലീസ് സാന്നിധ്യത്തിന്റെ കുറവുകൊണ്ടു തന്നെയാണ്. കഴിഞ്ഞ ദിവസം അർധരാത്രിയിൽ തിരുനക്കരയ്ക്കു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വച്ച് യുവാവിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയത് അടക്കമുള്ള സംഭവങ്ങൾക്ക് വളമാകുന്നത് നഗരത്തിൽ കുറയുന്ന പൊലീസ് സാന്നിധ്യം തന്നെയാണ്.
ഈ സാഹചര്യത്തിലാണ് തിരുനക്കരയിലേയ്ക്കു പൊലീസ് സ്റ്റേഷൻ വീണ്ടുമെത്തിയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി പരാതി നൽകിയിരിക്കുന്നത്. നഗരമധ്യത്തിലെ 90 ശതമാനം സ്ഥാപനങ്ങളുടെയും ആവശ്യവും ഇതു തന്നെയാണ്. കോടിമതയിൽ നിന്നും ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ പൊലീസ് വാഹനം തിരുനക്കരയിൽ എത്തണമെങ്കിൽ ഏറ്റവും കുറഞ്ഞത് പതിനഞ്ച് മിനിറ്റെങ്കിലും വേണ്ടി വരും. ഈ സാഹചര്യത്തിലാണ് പൊലീസ് സ്റ്റേഷൻ തിരുനക്കരയിലേയ്ക്കു തന്നെ മാറ്റണമെന്ന ആവശ്യവും ശക്തമാകുന്നത്. നടപടി ഉണ്ടാകാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്രീകുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group