ബി.ജെ.പി സ്ഥാനാർത്ഥിയായ സണ്ണി ഡിയോളിനായി പ്രചാരണം നടത്തിയവരിൽ പ്രധാനിയായി ദീപ് സിദ്ദു ; മോദിയ്ക്കും അമിത് ഷായ്ക്കും ഒപ്പം ഫോട്ടോകൾ ; റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സിഖ് പതാക കെട്ടിയതിൽ സംശയം ബി.ജെ.പിയെ : പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് പതാക ഉയർത്തിയതെന്ന് ദീപ് സിദ്ദു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കിസാൻ റാലിക്കിടെയുണ്ടായ അക്രമസമരത്തിന് നേതൃത്വം നൽകിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണെന്ന് ആണെന്ന് കർഷകരുടെ ആരോപണം. ദീപ് സിദ്ദു പ്രധാനമന്ത്രിക്കും ബി.ജെ.പി സ്ഥാനാർത്ഥിയായ സണ്ണി ഡിയോളിനുമൊപ്പവും നിൽക്കുന്ന ചിത്രവും അക്രമ സംഭവങ്ങൾക്ക് പിന്നാലെ ഏറെ ചർച്ചയാവുന്നുണ്ട്.
കഴിഞ്ഞ ദിവസം ചെങ്കോട്ടയിൽ അക്രമം നടത്തിയതും പതാക ഉയർത്തിയതും ദീപ് സിദ്ദുന്റെ നേതൃത്വത്തിലുള്ള സംഘമാണ്,എന്നാൽ ആ അക്രമ സമരവുമായി ഞങ്ങൾക്ക് ബന്ധമില്ലെന്നും തള്ളിക്കളയുന്നുവെന്നുമാണ് കർഷക നേതാക്കളുടെ വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കർഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. സിഖ് പതാകയാണ് ഞങ്ങൾ ചെങ്കോട്ടയിലുയർത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു വ്യക്തമാക്കി.
പ്രതിഷേധത്തിനായി എത്തിയ കർഷകരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണ്. ഇതിൽ അന്വേഷണം നടത്തണണെന്ന് സമൂഹ്യപ്രവർത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
നടനും മോഡലുമായ ദീപ് സിദ്ദു പഞ്ചാബ് സ്വദേശിയാണ്. 2015ലാണ് ദീപിന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. എങ്കിലും 2018ൽ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുർദാസ്പുരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സണ്ണി ഡിയോളിന് വേണ്ടി സിദ്ദു തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു.
ചെങ്കോട്ടയിലെ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സണ്ണി ഡിയോളും ദീപ് സിദ്ദുവും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ തനിക്കോ തന്റെ കുടുംബത്തിനോ ദീപ് സിദ്ദുവുമായി അടുത്ത ബന്ധമില്ലെന്ന് വിശദീകരിച്ച് സണ്ണി ഡിയോളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപ് സിദ്ദു ഡൽഹിഹരിയാന അതിർത്തിയിലെ ശംഭുവിലെത്തിയത്. പിന്നീട് സമരത്തിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറുകയായിരുന്നു.
അതേസമയം ദീപ് സിദ്ദുവിന്റെ ഇടപെടലുകളെ എതിർത്ത് ചില കർഷക നേതാക്കൾ രംഗത്തെത്തി. ദീപ് സിദ്ദുവിന് ആർഎസ്എസ്ബിജെപി ബന്ധമുണ്ടെന്നും അദ്ദേഹം അവരുടെ ഏജന്റാണെന്നും കർഷക നേതാക്കൾ ആരോപിച്ചിരുന്നു.