video
play-sharp-fill
ഹോട്ടലിലെ പീഡനം: ഇരയും പ്രതിയും രക്ഷപെടും; വാട്‌സ്അപ്പ് വലയിൽ കുടുങ്ങിയത് ഈയാംപാറ്റകൾ

ഹോട്ടലിലെ പീഡനം: ഇരയും പ്രതിയും രക്ഷപെടും; വാട്‌സ്അപ്പ് വലയിൽ കുടുങ്ങിയത് ഈയാംപാറ്റകൾ

എഡിറ്റോറിയൽ ഡെസ്‌ക്

കോട്ടയം: കഴിഞ്ഞ അഞ്ചു ദിവസത്തോളമായി നഗരത്തിലെ പ്രധാന ചർച്ചാ വിഷയം കോടിമത ഹോട്ടൽ ഐഡയിൽ നടന്ന പീഡനവും, ഇതിലെ പ്രതിയും ഇരയുമാണ്. കേസിൽ ഇര ആശുപത്രിയിലും പ്രതി ജയിലിലുമായി. ഇരുവരും അടുത്ത് അറിയാവുന്നവരും, സമീപവാസികളുമാണ്. ഈ സാഹചര്യത്തിൽ കേസ് കോടതിയിൽ ഒത്തു തീർപ്പാകാനുള്ള സാധ്യതയാണ് നിയമവിദഗ്ധരും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ, പ്രതിയും ഇരയും കൈ കൊടുത്തു പിരിഞ്ഞാലും ഇല്ലെങ്കിലും കുടുക്കിലാകുക ഒരു പറ്റം സാധാരണക്കാരാണ്. ഇരുതല മൂർച്ചയുള്ള വാളായ സോഷ്യൽ മീഡിയയുടെ അപകടം തിരിച്ചറിയാതെ തല വച്ച ഒരു സംഘമാണ് ഇപ്പോൾ വാട്‌സ്അപ്പ് വലയിൽ കുടുങ്ങി കൈകാലിട്ടടിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോട്ടയം കോടിമത ഹോട്ടൽ ഐഡയിൽ യുവതിയും യുവാവും മുറിയെടുക്കുകയും, പീഡനത്തിനിടെ അമിത രക്തസ്രാവത്തെ തുടർന്നു യുവതി ആശുപത്രിയിലാകുകയും ചെയ്തത്. കുടമാളൂർ സ്വദേശിയും മുംബൈയിൽ താമസക്കാരനും മിസ്റ്റർ ഇന്ത്യയുമായ നേവി ഉദ്യോഗസ്ഥൻ മുരളികുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് കഥ പൂർണമായും മാറുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു വാർത്ത പുറത്തു വിട്ടതോടെ സംഭവം വിവാദമായി. കോട്ടയം കഴിഞ്ഞ അഞ്ചു ദിവസമായി ഈ വിഷയം മാത്രമാണ് ചർച്ച ചെയ്യുന്നതും. പീഡനത്തിനിടെ ഗുരുതരമായി പരിക്കേറ്റ യുവതി പരിക്കുകളോടെ ആശുപത്രിയിലാകുകയും, കേസിലെ പ്രതിയായ മുരളി കുമാർ റിമാൻഡിലാകുകയും ചെയ്തു.
എന്നാൽ, ഇതിനു ശേഷമാണ് കേസിൽ പ്രതിയാകാൻ പോകുന്നവർ രംഗപ്രവേശം ചെയ്തത്. മുരളികുമാർ പ്രതിയും, യുവതി ഇരയുമാണെന്നു തിരിച്ചറിഞ്ഞ ചിലർ സോഷ്യൽ മീഡിയയിൽ യുവതിയുടെയും പ്രതിയുടെയും ചിത്രങ്ങൾ തിരയാൻ തുടങ്ങി. പേരും ഉദാഹരണവും നിരത്തിയപ്പോൾ യുവതിയുടെയും മുരളിയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കണ്ടെത്തി. ചിലർക്ക് ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു. മറ്റു ചിലരാകട്ടെ ഒരു പടികൂടി കടന്ന ഫോട്ടോ ഒന്ന് ഡൗൺ ലോഡ് ചെയ്ത് അത്യാവശ്യം സുഹൃത്തുക്കൾക്ക് അയച്ചു നൽകി. ഇതിനോടൊപ്പം വിവിധ പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച വാർത്തയും ചേർത്ത് അൽപം പൊടിപ്പും തൊങ്ങലും കൂട്ടിയിട്ട് വിവിധ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലേയ്ക്ക് അയച്ചു. സംഭവം വൈറലായി മാറിയതോടെ യുവതിയുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്ത് എത്തി. തുടർന്ന് പൊലീസ് സജീവമായി കേസ് അന്വേഷണവും തുടങ്ങി. തിങ്കളാഴ്ച മാത്രം പത്തു പേർ അറസ്റ്റിലാകുകയും ചെയ്തു.
എന്നാൽ, നിയമവിദഗ്ധരും പൊലീസും നൽകുന്ന സൂചന പ്രകാരം മുരളികുമാറും യുവതിയും സംയ്ക്തമായി പരാതി നൽകിയാൽ പീഡനക്കേസിൽ നിന്നും മിസ്റ്റർ ഇന്ത്യ സുഖമായി രക്ഷപെടും. ആശുപത്രിയിൽ നിന്നും യുവതി തിരികെ എത്തി സ്വഭാവിക മാനസിക നിലയിലേയ്ക്ക് എത്തിയ ശേഷം ഈ പരാതി പിൻവലിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. പരാതി നിലനിന്നാൽ ഇത് മുരളിയുടെ ജോലിയെ തന്നെയും ബാധിച്ചേയ്ക്കും. ഈ സാഹചര്യത്തിൽ യുവതിയ്ക്ക് വേണ്ട നഷ്ടപരിഹാരം നൽകി പരാതി പിൻവലിക്കുമെന്നും സൂചന ലഭിക്കുന്നുണ്ട്. എന്നാൽ, വാർത്ത കേട്ടതിനു പിന്നാലെ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവരാണ് യഥാർത്ഥത്തിൽ കുടുങ്ങാൻ പോകുന്നത്. യുവതിയും മുരളിയും ഒത്തു തീർപ്പിലെത്തിയാലും ഇവരുടെ കേസ് അവസാനിക്കില്ല. അപമാനിക്കപ്പെട്ടതായുള്ള പരാതി യുവതി പിൻവലിച്ചില്ലെങ്കിൽ ഈ കേസിനു പിന്നാലെ വർഷങ്ങളോളം ഈ പ്രതികൾ നടക്കേണ്ടി വരും.