ശസ്ത്രക്രിയയ്ക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചു വിറ്റു; കോട്ടയം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം ജീവനക്കാരി പിടിയില്‍
സ്വന്തം ലേഖകന്‍
ഗാന്ധിനഗര്‍: ശസ്ത്രക്രിയക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചുവിറ്റ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരി പിടിയില്‍. അസ്ഥിരോഗ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗിക്ക് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൈ മരവിപ്പിക്കാനുള്ള മരുന്ന് കുറിച്ച് നല്‍കി.
മോര്‍ച്ചറി ഗെയിറ്റിന് എതിര്‍ഭാഗത്തെ മെഡിക്കല്‍ ഷോപ്പില്‍നിന്നും രോഗിയുടെ ബന്ധുക്കള്‍ മരുന്ന് വാങ്ങി. ശസ്ത്രക്രിയ തിയറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് ജീവനക്കാരിയെ ഏല്‍പ്പിച്ചു. എന്നാല്‍ മരുന്നിന്റെ ഒപ്പം ബില്ല് കൂടി തരാന്‍ ഇവര്‍ ആവശ്യപ്പെടുകയും രോഗിയുടെ ബന്ധുക്കള്‍ അത് ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷേ, ശസ്ത്രക്രിയയ്ക്ക് പുറത്ത് നിന്ന് വാങ്ങിയ മരുന്ന് ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ബന്ധുക്കള്‍ ബില്‍ കൈപ്പറ്റിയതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഇവര്‍ ബന്ധുക്കളോട് തട്ടിക്കയറി. തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രി അധികൃതര്‍ നേരിട്ട് മരുന്ന് കടയിലെത്തി അന്വേഷണം നടത്തി. തിയറ്ററിലേക്ക് വാങ്ങിയ മരുന്ന് തിരികെ കൊണ്ടുവന്ന് ജീവനക്കാരി മെഡിക്കല്‍ ഷോപ്പില്‍ വിറ്റെന്നും തെളിഞ്ഞു. എന്നാല്‍ ഏത് ജീവനക്കാരിയാണെന്ന് അധികൃതര്‍ക്ക് മനസ്സിലായില്ല.
തുടര്‍ന്ന് തിയറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരികളെ എല്ലാം വിളിച്ച് നിര്‍ത്തി തിരിച്ചറിയല്‍ പരേഡ് നടത്തി. ഇതില്‍ നിന്നും മരുന്നും ബില്ലും വാങ്ങിയ ജീവനക്കാരിയെ രോഗിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇവര്‍ ഇതിന് മുന്‍പും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. അധികൃതര്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലാണ് സംഭവം.