
ചിക്കനും മുട്ടയും കഴിക്കാമോ? നോൺ വെജ് പ്രേമികൾ അന്നം മുട്ടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
സ്വന്തം ലേഖകന്‍
കോട്ടയം: രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ പക്ഷിപ്പനി പേടിയിലാണ്. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷിപ്പനി മൂലം ചത്തത് ലക്ഷക്കണക്കിന് പക്ഷികളാണ്.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. പക്ഷിപ്പനി കാരണം ചില പ്രദേശങ്ങളില്‍ കോഴി വിലയില്‍ വലിയ ഇടിവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇറച്ചി നന്നായി വേവിച്ച് കഴിച്ചാല്‍ മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂടേറ്റാല്‍ വൈറസ് നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്ന അളവ്) വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാല്‍ വൈറസ് നശിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷം കൈകള്‍ 20 സെക്കന്റ് ഇളം ചൂടുള്ള വെള്ളത്തില്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കാനാണ് നിര്‍ദേശം.
മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കണമെന്നും പകുതി വേവിച്ചതും ബുള്‍സ് ഐ ആക്കിയതുമൊക്കെ ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
ചില വൈറസുകള്‍ മനുഷ്യരിലേക്ക് പകരില്ല. പക്ഷേ, ചിലത് കഠിനമായ രോഗബാധയ്ക്ക് കാരണമാകാറുമുണ്ട്. കോഴിയിറച്ചിയില്‍ കാണുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എച്ച് 5 എന്‍ 1 വൈറസാണ് ഇവയില്‍ ഏറ്റവും പ്രധാനം.
കശാപ്പ് ചെയ്യുമ്പോഴോ, രോഗബാധയുള്ളതോ ചത്തതോ ആയ പക്ഷികളോ കൈകാര്യം ചെയ്യുമ്പോഴോ ആണ് മനുഷ്യരിലേക്ക് അണുബാധ വ്യാപിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.