play-sharp-fill
സെപ്തംബർ മൂന്നിന് കോട്ടയം ജില്ലയിലെ ബസ്സുകളുടെ കാരുണ്യ യാത്ര; മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ

സെപ്തംബർ മൂന്നിന് കോട്ടയം ജില്ലയിലെ ബസ്സുകളുടെ കാരുണ്യ യാത്ര; മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ

സ്വന്തം ലേഖകൻ

കോട്ടയം: ഇന്നത്തെ തലമുറ കണ്ടറിഞ്ഞിട്ടില്ലാത്ത മഹാദുരന്തത്തിലൂടെയാണ് നമ്മുടെ നാട് കടന്നു പോയത്. നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ലക്ഷങ്ങൾക്കു വീടും വസ്തുവകകളും പലർക്കും ജീവിതമാർഗ്ഗമായിരുന്ന വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടു. സംസ്ഥാനമൊട്ടാകെ കൃഷിയും റോഡുകളും പാലങ്ങളും നശിച്ചു. പലയിടത്തും കൃഷിഭൂമി തന്നെ ഇല്ലാതായി.ഈ സാഹചര്യങ്ങളിലാണ് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും സംസ്ഥാനത്തെ പുനർനിർമ്മിക്കാനുമുള്ള ദൗത്യമേറ്റടുത്ത് നമ്മുടെ സർക്കാർ മുന്നിട്ടിറങ്ങുന്നത്. സർക്കാരിന്റെ ശ്രമങ്ങൾക്കു കൈത്താങ്ങാകാൻ കേരള സ്റ്റേറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അംഗങ്ങളായ പതിനായിരത്തോളം സ്വകാര്യബസ്സുകളും കൈകോർക്കുകയാണ്.ഫെഡറേഷന്റെ 28.08.2018 ൽ തൃശ്ശൂരിൽ ചേർന്ന സംസ്ഥാന കൗൺസിൽ തീരുമാനപ്രകാരം അംഗങ്ങളായ 10,000ത്തോളം സ്വകാര്യബസ്സുകൾ, തകർന്ന റോഡുകളും കുതിച്ചുയരുന്ന ഡീസൽ വിലയുമടക്കമുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും 03.09.2018 തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പൊതുജന പങ്കാളിത്തത്തോടെയും ജീവനക്കാരുടെ സഹകരണത്തോടെയും പരമാവധി പണം സ്വരൂപിച്ചു നൽകുക എന്ന ലക്ഷ്യത്തോടെയും കാരുണ്യയാത്ര നടത്തുകയാണ്.വിദ്യാർത്ഥികൾ ഉൾപ്പെടെ 70 ലക്ഷത്തിലധികം യാത്രക്കാർ സ്വകാര്യ ബസ്സുകളിൽ യാത്രചെയ്യുന്നുണ്ട്. ഇത്രയധികം ജനങ്ങളുമായി ബന്ധപ്പെടാനാകുന്ന സംവിധാനമെന്ന സൗകര്യം പ്രയോജനപ്പെടുത്തി പരമാവധി തുക ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭരിക്കാനാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.യാത്രക്കാർ ടിക്കറ്റ് ചാർജ്ജ് കണക്കിലെടുക്കാതെ തങ്ങൾക്കിഷ്ടമുളള ചെറിയ തുകകൾ നൽകിയും കുട്ടികൾ ഒരുദിവസത്തേയ്ക്കു കൺസഷൻ ഉപേക്ഷിച്ചു യാത്രചെയ്തുംദുരിതാശ്വാസനിധി സംഭരണം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരും സ്‌കൂൾ ബസ്സുകളിൽ പോകുന്ന കുട്ടികളും 03.09.2018 തിങ്കളാഴ്ച സ്വകാര്യ ബസ്സുകളിൽ യാത്രചെയ്യണമെന്ന അഭ്യർത്ഥന കൂടിയുണ്ട്.70 ലക്ഷത്തിലധികം യാത്രക്കാർ അധികമായി നൽകുന്നഒരു ചായയുടെ അല്ലെങ്കിൽ വിദ്യാർത്ഥികൾ നൽകുന്ന ഒരുകപ്പ് ഐസ്‌ക്രീമിന്റെ പണം പോലും കോടികളായി മാറുമെന്നുതിരിച്ചറിഞ്ഞ് എല്ലാ സുമനസ്സുകളും ഞങ്ങളുടെ ഈ എളിയസംരംഭം വിജയിപ്പിക്കണമെന്ന് കോട്ടയം ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. റ്റി. ജെ. ജോസഫ്, ജനറൽ സെക്രട്ടറി കെ. എസ്. സുരേഷ്, റ്റി. യു. ജോൺ.ടി, കെ. ജയരാജ്, പി. വി. ചാക്കോ പുല്ലത്തിൽ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു.