
ഇനി തിരികെ വരില്ല, ഒരു കവിത കൂടി എഴുതാന്‍; എസ്എഫ്‌ഐയിലെ വിപ്ലവ നായകന്‍, സന്ന്യാസി, വിഷ വൈദ്യന്‍, അഭിഭാഷകന്‍, കള്ളുഷാപ്പിലെ കവി തുടങ്ങിയ നിരവധി വേഷങ്ങള്‍ കെട്ടിയ ജീവിതം; വിപ്ലവത്തിന്റെ ചോരവീണ മണ്ണില്‍ അനില്‍ പനച്ചൂരാന്‍ ഓര്‍മ്മയാകുമ്പോള്‍…
തേര്‍ഡ് ഐ ബ്യൂറോ
‘ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം,
ചേതനയില്‍ നൂറ് നൂറ് പൂക്കളായ് പൊലിക്കവേ
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോരകൊണ്ടെഴുതിവച്ച വാക്കുകള്‍ ‘ (അറബിക്കഥ)
വിപ്ലവ ഭൂമിയായ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അനില്‍ പനച്ചൂരാന്റെ ജനനം. അച്ഛന്‍ ഉദയഭാനു, അമ്മ ദ്രൗപതി. ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ തറവാട്ടിലെ ഇളംതലമുറക്കാരനാണ് അദ്ദേഹം. ഇടതുപക്ഷ അനുഭാവമുള്ള കുടുംബത്തില്‍ പിറന്ന അദ്ദേഹതതിന്റെ വഴിയും കമ്മ്യൂണിസം തന്നെയായിരുന്നു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ.പ്രവര്‍ത്തകനായാണ് പാര്‍ട്ടിയുമായി അടുക്കുന്നത്. ഡിവൈഎഫ്ഐ.യിലും പ്രവര്‍ത്തിച്ച് പാര്‍ട്ടിയംഗമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും’ (അറബിക്കഥ)
പാര്‍ട്ടി പ്രവര്‍ത്തനം മടുത്ത ഘട്ടത്തില്‍ അദ്ദേഹം ശ്രീപെരുമ്പത്തൂരിലുള്ള ഒരു സ്വാമിയുടെ അനുയായി. സന്യാസത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഹരിദ്വാറില്‍ ചെന്ന് സന്ന്യാസവും സ്വീകരിച്ചു. കമ്മ്യൂണിസ്റ്റുകാരനായ അനില്‍ സന്യാസം സ്വീകരിച്ചു നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വാമിക്ക് ലഭിച്ചത് ഗംഭീര സ്വീകരണമായിരുന്നു. അസുഖം ഭേദമാക്കാനും അത്മശാന്തിക്കുമായി വീട്ടില്‍ നാട്ടുകാര്‍ വന്നുതുടങ്ങി. ആര്‍.എസ്.എസുകാര്‍ മിത്രങ്ങളായി. വിഷ വൈദ്യനെന്ന നിലയിലായിരുന്നു അദ്ദേഹം അക്കാലത്ത് നാട്ടില്‍ അറിയപ്പെട്ടത്. കാഷായമിട്ട വിപ്ലവകാരിയെ അംഗീകരിക്കാന്‍ മനസ്സിലാത്ത കമ്മ്യൂണിസ്റ്റുകള്‍ അദ്ദേഹവുമായി അകന്നു. ഒടുവില്‍ അതെല്ലാം വിട്ടെറിഞ്ഞ് തിരുവനന്തപുരം ലോ അക്കാദമിയില്‍ ചേര്‍ന്നു. അങ്ങനെ വക്കീലുമായി.
‘വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത് പാട്ട് കേട്ട് പാറവേ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്‍കിടവ് നീ’ (വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പക്ഷികള്‍)
ലോ അക്കാദമിയില്‍ സായാഹ്ന ബാച്ചില്‍ ചേര്‍ന്ന കാലത്താണ് അദ്ദേഹം ജീവിത സഖിയെയും കണ്ടെത്തിത്. കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിലേക്കു കൂടെക്കൂട്ടി. മായയുമായി പ്രണയവിവാഹമായിരുന്നു അനിലിന്റേത്. മകള്‍ മൈത്രേയിയും അമ്മയെ പോലെ നര്‍ത്തകിയാണ്. സന്ന്യാസി, വിഷവൈദ്യന്‍, വക്കീല്‍ തുടങ്ങി തികച്ചും വ്യത്യസ്ത വേഷങ്ങളിലൂടെയാണ് അദ്ദേഹത്തിന്റ ജീവിതം മുന്നേറിയത്. ഈ ഘട്ടങ്ങളിലെല്ലാം മാറ്റമില്ലാതെ ഒപ്പമുണ്ടായിരുന്നത് കവിത മാത്രമായിരുന്നു.
‘ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍നിലാവില്ല
തെരുവിന്നൊരനാഥനെ തന്നിട്ടുപോയവള്‍
തെറിവാക്ക് പറയുന്ന ഭ്രാന്തി’ (അനാഥന്‍)
കാസെറ്റുകളിലേക്ക് തിരിഞ്ഞതോടെയാണ് അനില്‍ പനച്ചൂരാന്റെ കവിത ലോകം മുഴുവന്‍ അറിഞ്ഞു തുടങ്ങിയക്. ‘വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പക്ഷികള്‍’ എന്ന തന്റെ ആദ്യ കവിത ചൊല്ലി കലാലയങ്ങളിലും തെരുവുകളിലും കള്ളുഷാപ്പുകളിലും ചായപ്പീടികകളിലും അദ്ദേഹം നിറഞ്ഞു. ഒപ്പം കാസറ്റും കവിതയും വില്‍ക്കുകയുംചെയ്തു. തിരക്കഥാകൃത്തായിരുന്ന സിന്ധുരാജ് പലപ്പോഴും ചൊല്ലുന്ന കവിതയായിരുന്നു ‘വലയില്‍ വീണ കിളികളാണു നാം’ എന്നത്. ഇതു കേള്‍ക്കാനിടയായ ലാല്‍ ജോസ്, സിന്ധുരാജിനോട് കവിയെക്കുറിച്ചു ചോദിച്ചു. ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസില്‍ വെച്ച് ഇരുവരും കണ്ടു. ‘അറബിക്കഥ’യെന്ന ലാല്‍ ജോസ് ചിത്രത്തിലേക്കുള്ള പനച്ചൂരാന്റെ വഴി അതായിരുന്നു.
‘ഹൃദയമാമാകാശ ചരിവിലാ താരകം
കണ്‍ചിമ്മി നമ്മെ നോക്കുമ്പോള്‍
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാല്‍
ഞാന്‍ ജനിമൃതികളറിയാതെ പോകും’ (പ്രണയകാലം)
പാട്ടും അഭിനയവും സമരങ്ങളും ആത്മീയതയും എല്ലാം ആ ജീവിതത്തില്‍ വന്ന് പോയി. പക്ഷേ, കവിത മാത്രം പനച്ചൂരാനോടും തിരിച്ചും വേര്‍പെടാനാവാതെ നിന്നു. തന്റെ പൂര്‍വികനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് നല്ലൊരു സിനിമ അനിലിന്റെ സ്വപ്നമായിരുന്നു. അതിനായി ഒട്ടേറെ രേഖകള്‍ സമാഹരിക്കുകയും ചെയ്തിരുന്നു. ഈ സ്വപ്നം ബാക്കിയാക്കിയാണ് അനില്‍ വിട പറഞ്ഞു. സിനിമാക്കാരനോ വിപ്ലവകാരിയോ അല്ല, കവിയെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തി 51ാം വയസില്‍ ജനിമൃതികളറിയാതെ അനില്‍ മടങ്ങി.