video
play-sharp-fill
കൈയേറ്റം തടയാൻ അവസരം പരമാവധി പ്രയോജനപ്പെടുത്തണം: വി എസ്

കൈയേറ്റം തടയാൻ അവസരം പരമാവധി പ്രയോജനപ്പെടുത്തണം: വി എസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കുന്നിടിച്ചും വനം കൈയേറിയും വയൽ നികത്തിയും തടയണകൾ കെട്ടിയും നടക്കുന്ന, അനധികൃതമോ അശാസ്ത്രീയമോ ആയ നിർമാണങ്ങളും മറ്റും തടയാൻ പ്രളയദുരന്തം ഒരു നിമിത്തമായി കാണണമെന്ന് വി എസ് അച്യുതാനന്ദൻ. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി, ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളിലും നാം കാണിക്കണമെന്നും വി എസ് പറഞ്ഞു. ദുരന്തപശ്ചാത്തലത്തിൽ, വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ശാസ്ത്രീയമായി പുനർനിർവചിക്കണം. വികസനമെന്ന ലേബലിൽ അനിയന്ത്രിതമായി പ്രകൃതിയിൽ നടക്കുന്ന ഇടപെടലുകൾക്ക് നിയന്ത്രണംവേണം. നിയമങ്ങൾ കുറെക്കൂടി കർശനവും പഴുതടച്ചുള്ളതുമാക്കണം. കേരളം നേരിട്ട പ്രളയത്തിനു കാരണം കനത്ത മഴയാണ്. പക്ഷേ, ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുൾപൊട്ടലുമാണെന്നതിൽ തർക്കമില്ല. അതിന് ആക്കം കൂട്ടിയത് നാം പ്രകൃതിയിൽ നടത്തിയ ഇടപെടലുകളും. സ്വയംവിമർശപരമായി പറഞ്ഞാൽ, നമ്മുടെ നയരൂപീകരണത്തിലാണ് പിഴവുണ്ടായത്.
ഇത് എന്റെ വെളിപ്പെടുത്തലല്ല. എത്രയോ കാലമായി, ശാസ്ത്രീയമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേട്ടുവരുന്നതാണ്. പക്ഷേ, സങ്കുചിത താൽപ്പര്യങ്ങളുടെ സമ്മർദത്തിൽ നാം അവഗണിച്ചു. ഇപ്പോൾ നമ്മുടെ ശ്രദ്ധ ഒരു പുതിയ കേരളത്തിന്റെ നിർമാണത്തിലാണ്. വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിർവരമ്പുകൾ തീർച്ചപ്പെടുത്താനുള്ള അവസരമാക്കണമെന്നും വി എസ് അച്യുതാനന്ദൻ പറഞ്ഞു.