ജസ്‌നയുടെ തിരോധാനം; ജസ്‌ന ജീവനോടെയുണ്ടെന്നും തമിഴ് നാട്ടിലേക്കാണ് പോയെന്നും അനൗദ്യോഗിക വിവരം
സ്വന്തം ലേഖകൻ
പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം ഇപ്പോഴും വ്യക്തമല്ലാത്ത അഭ്യൂഹങ്ങൾക്ക് പിന്നാലെ ആണെന്ന പൊതുധാരണക്ക് വിരാമം. ഇത് സംബന്ധിച്ച് അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമൺ.
“തുറന്നുപറയാൻ കഴിയാത്ത പലകാര്യങ്ങളുമുണ്ട്. പക്ഷേ, വൈകാതെ തന്നെ തീരുമാനങ്ങൾ ഉണ്ടാവും. കോവിഡ് വ്യാപനം അന്വേഷണത്തിൽ മങ്ങലേൽപ്പിച്ചു. എങ്കിലും ശുഭപ്രതീക്ഷയുണ്ട്. “- അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് അവസാനം ജെസ്‌നയെ സംബന്ധിച്ച് ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനം തടസങ്ങൾ നേരിട്ടിരുന്നു. ജെസ്‌ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്നത്. ജെസ്‌ന തമിഴ്‌നാട്ടിലേക്കാണു പോയതെന്നാണു വിവരം.
2018 മാർച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജെസ്‌നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടിൽനിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്‌നയെ ആരും കണ്ടിട്ടില്ല.
പ്രത്യേക പോലീസ് സംഘത്തെ കേസ് അന്വഷണത്തിനു നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
ബംഗളുരു എയർപോർട്ടിലും മെട്രോയിലും ജെസ്‌നയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചു. ഇതനുസരിച്ച് പോലീസ് സംഘം പലതവണ ബംഗളുരുവിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അവയൊന്നും ജെസ്‌നയുടേതായിരുന്നില്ല. സംഭവ ദിവസം 16 തവണ ജെസ്‌നയെ ഫോണിൽ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകൾ ലഭിച്ചില്ലെന്നു പോലീസ് പറയുന്നു.