പ്രളയ ദുരിതത്തിനിടെ ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ കേന്ദ്രത്തെ സമീപിക്കണമെന്ന് കെ എം മാണി
സ്വന്തം ലേഖകൻ
കോട്ടയം: പ്രളയവും പേമാരിയും കാരണം ലക്ഷങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ എണ്ണ കമ്പനികൾ ഇന്ധന വില കുത്തനെ കൂട്ടുന്നതിനെതിരെ സംസ്ഥാനം കേന്ദ്രത്തെ സമീപിക്കണമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം.മാണി. സംസ്ഥാനത്ത് പ്രക്യതിദുരന്തം ആരംഭിച്ച ഓഗസ്റ്റ് 16നാണ് ഇന്ധന വില ആദ്യം കൂട്ടിയത്. ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്തെ പെട്രോൾ വില 80.39 ആയിരുന്നു. ഡീസലിന് 73.65 രൂപയും. പിറ്റേന്ന് മുതൽ അഞ്ചു പൈസ വീതി കൂട്ടി തുടങ്ങി. ജൂലൈയിലും ഓഗസ്റ്റിലുമായി പെട്രോളിന് ലിറ്ററിന് 2.79 രൂപയും ഡീസലിന് 2.57 രൂപയും വർധിച്ചു. ഇതിൽ പെട്രോളിന് 68 പൈസയും ഡീസലിന് 48 പൈസയും സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതിയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌ക്യത എണ്ണ വില ബാരലിന് 147 ഡോളറായിരുന്നപ്പോൾ കേരളത്തിൽ ഡീസലിന് 63 രൂപയായിരുന്നു. എണ്ണ വില 72 ഡോളറിലെത്തി നിൽക്കുമ്പോൾ ഡീസലിന് 75 രൂപ നൽകേണ്ടി വരുന്നു. കേരളത്തിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ എണ്ണ കമ്പനികൾ വില വർധിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെ.എം.മാണി പറഞ്ഞു. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്നും കെ എം മാണി ആവശ്യപ്പെട്ടു.