play-sharp-fill
ഇതാണ് കേരളം; മലയാളികളുടെ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃക; കുട്ടനാട് ശുചീകരണത്തിൽ പങ്കെടുക്കുന്നത് 70,000 പേർ

ഇതാണ് കേരളം; മലയാളികളുടെ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃക; കുട്ടനാട് ശുചീകരണത്തിൽ പങ്കെടുക്കുന്നത് 70,000 പേർ

സ്വന്തം ലേഖകൻ

കുട്ടനാട്: മലയാളികളുടെ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. കുട്ടനാടിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പങ്കെടുക്കുന്നത് 70,000 പേർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയ്ക്കു പുറത്തുനിന്നും ആയിരങ്ങളാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി എത്തിയത്. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി തന്നെ രംഗത്തുണ്ട്. സന്നദ്ധ പ്രവർത്തകരും ജില്ലാ ഭരണസംവിധാനവും തദേശഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ഒരുപോലെ കൈകോർത്തുള്ള പ്രവർത്തനത്തിനാണ് തുടക്കമായിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്ന കർമപദ്ധതിക്കായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന 60,000 ആളുകൾ കുട്ടനാട്ടിലെത്തി. കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലായി 226 വാർഡുകളിലാണ് ശുചീകരണം. 30ന് സ്‌കൂളുകളിലെ ക്യാമ്പുകൾ നിർത്തലാക്കുന്ന സാഹചര്യത്തിൽ വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന ആയിരക്കണക്കിന് കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് വീടുകളിലേക്ക് എത്താൻ പറ്റാത്ത സാഹചര്യമാണുള്ളത്. പ്രദേശങ്ങൾ ശുചീകരിക്കാൻ ആയിരക്കണക്കിന് പേരുടെ അദ്ധ്വാനം ആവശ്യമാണ്. ഇത് മുന്നിൽക്കണ്ടാണ് ദ്രുതഗതിയിലുള്ള ശുചീകരണം നടപ്പാക്കുന്നത്. 30ന് വീടുകളിലേക്ക് പോകാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റും. ഓരോ പഞ്ചായത്തിൽ നിന്നുള്ളവരെയും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി അവിടെ നിന്ന് റോഡ് ജലഗതാഗത മാർഗം അവരവരുടെ വീടുകളിൽ എത്തിക്കും. 31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധ ദിനമായി ആചരിക്കും.