play-sharp-fill
മന്ത്രിമാരുടെയും എം എൽ എ മാരുടെ ശമ്പളം ഇരട്ടിയാക്കിയ തീരുമാനം ഒരു വർഷത്തേക്ക് മരവിപ്പിക്കണം; നഗര വികസന സമിതി

മന്ത്രിമാരുടെയും എം എൽ എ മാരുടെ ശമ്പളം ഇരട്ടിയാക്കിയ തീരുമാനം ഒരു വർഷത്തേക്ക് മരവിപ്പിക്കണം; നഗര വികസന സമിതി

സ്വന്തം ലേഖകൻ

കോട്ടയം: കേരള നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കിയ മന്ത്രിമാരുടെയും എം എൽ എ മാരുടെയും ശമ്പളം ഇരട്ടിയാക്കിയ തീരുമാനം അടിയന്തിരമായി പുനപ്പരിശോധിച്ച് നടപടി ഒരു വർഷത്തേക്ക് മരവിപ്പിക്കണമെന്ന് കോട്ടയം നഗര വികസന സമിതി ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്ത പക്ഷം വെള്ളപ്പൊക്ക ദുരിതബാധിതരോട് ആത്മാർത്ഥതയുള്ള എം എൽ എ മാർ സ്വയം ആ തീരുമാനം നീട്ടിവയ്ക്കുവാൻ തയ്യാറാവണമെന്നും കോട്ടയത്ത് നടന്ന നഗര വികസന സമിതിയോഗം മന്ത്രിമാരോടും എം എൽ എ മാരോടും ആവശ്യപ്പെട്ടു.അങ്ങനെ അധിക ബാദ്ധ്യത വരുന്ന അഞ്ചരക്കോടി രൂപ ഖജനാവിലേക്ക് നൽകി ലോകത്തിനു മാതൃകയാവണമെന്നാണ് നഗര വികസന സമിതിയുടെ ആവശ്യം.


ശമ്പളവും അലവൻസുകളും ഇരട്ടിയോളം വർദ്ധിപ്പിച്ചത് പോരാഞ്ഞിട്ട് അവ 2016 മുതൽ മുങ്കാല പ്രാബല്യം നൽകിയ നടപടിയോടെ ഖജനാവിനു ഇരുപതു കോടിയോളം രൂപയാണ് അധികബാദ്ധ്യത വരുന്നത്. ശമ്പളവർദ്ധനവിനു ഇത്രത്തോളം മുൻ കാല പ്രാബല്യം നടപ്പിൽ വരുത്തിയിട്ട് സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്നാവശ്യപ്പെടുന്നതിൽ പൊതുജനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്ന് ആത്മാർത്ഥതക്കുറവ് തോന്നുന്നുണ്ടെന്ന് കോട്ടയത്ത് നടന്ന സമിതി യോഗം വിലയിരുത്തി. 2016 ജൂൺ 20 മുതൽ മുൻ കാല പ്രാബല്യം മുൻപെങ്ങും കേട്ടു കേൾവിയില്ലാത്തതാണ്. സർക്കാർ ജീവനക്കാർക്കും ഇതേ പോലെ ശമ്പളം വർദ്ധിപ്പിച്ച് മുൻ കാല പ്രാബല്യം വരുത്തുമോയെന്ന് ജനങ്ങൾ ചോദിക്കുന്നു. എം എൽ എ മാരുടെ അഡീഷണൽ പി എ മാരുടെ ശമ്പളവും ഇതേ അളവിൽ വർദ്ധിപ്പിച്ചു. ഉപദേശകർക്കും, ഭരണ പരിഷ്‌കാര കമ്മീഷനും നൽകുന്ന അധിക ബാദ്ധ്യതയ്ക്ക് പുറമേയാണിത്. മന്ത്രിമാരുടെ എണ്ണവും പേർസണൽ സ്റ്റാഫുകളുടെ എണ്ണവും പരമാവധിയാണ്. ഇതെല്ലാം കുറച്ചതിനു ശേഷം വേണമായിരുന്നു സർക്കാർ ജീവനക്കാരോടുള്ള നിർബ്ബന്ധിത നിർദ്ദേശമെന്ന് നഗര വികസന സമിതി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. യോഗത്തിൽ അഡ്വ.അനിൽ ഐക്കര അദ്ധ്യക്ഷത വഹിച്ചു. എ.കെ ശ്രീകുമാർ, തോമസ് മാത്യു, അഡ്വ.കെ ഉബൈദത്ത്, രാജേഷ് നട്ടാശ്ശേരി, ഡോ. ലിജി വിജയകുമാർ, സിന്ധു എം.പൈ, ഹരീഷ് ചിത്തിര, സുരേഷ് നാരായണൻ,സജി കൈലാസം, ബിനു വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു. ഇത് സംബന്ധിച്ച് നിവേദനം ഉടൻ തന്നെ ഗവർണർക്ക് അയയ്ക്കുവാനും യോഗത്തിൽ തീരുമാനമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group