Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കേരളത്തിലെ ക്രൈസ്തവസഭകൾക്കെതിരെ കോൺഗ്രസ് – യു.ഡി.എഫ് പ്രവർത്തകരിൽ നിന്നും അതി രൂക്ഷമായ സൈബറാക്രമണം. മധ്യകേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞ ഡിസംബർ 10ന് ശേഷമാണ് സമൂഹമാധ്യമങ്ങളിൽ സഭാ നേതൃത്വത്തെയും വൈദികരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നത്.

സീറോ മലബാർ, യാക്കോബായ, ക്നാനായ സഭാ നേതൃത്വങ്ങളെ ലക്ഷ്യമിട്ടാണ് പോസ്റ്റുകൾ ഭൂരിഭാഗവും. യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസിനെ പുറത്താക്കിയതും അധികം വൈകാതെ തന്നെ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതും ക്രൈസ്തവ സഭാ നേതൃത്വം സംശയത്തോടെയാണ് വീക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലീം ലീഗും കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളും വിടി ബൽറാമിന്റെ നേതൃത്വത്തിൽ യുവനിരയും രംഗത്തു വന്നതോടെ സഭകളും യുഡിഎഫുമായുള്ള ബന്ധത്തിൽ വിള്ളൽ വീണു എന്നു കരുതേണ്ടി വരും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സഭാ തലവനെ കാണാനെത്തിയ യുഡിഎഫ് നേതാക്കളോട് തങ്ങളുടെ ആശങ്കകൾ സീറോ മലബാർ സഭ പങ്കുവെച്ചിരുന്നു. ചങ്ങനാശേരി ആർച്ചുബിഷപ്പ് മാർ പെരുന്തോട്ടം ഇടതുസർക്കാരിനെ പുകഴ്ത്തിയും യുഡിഎഫിനെ വിമർശിച്ചും ദീപികയിൽ ലേഖനമെഴുതി.

പള്ളിത്തർക്കവുമായി ബന്ധപ്പെട്ടു യാക്കോബായ സഭ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ഒരു ക്നാനായക്കാരനെ ലോക്സഭയിലെത്തിച്ച മാണി പാർട്ടിയെ കൈവിടാൻ ക്നാനായ സഭയും ഒരുക്കമല്ലായിരുന്നു എന്നു വേണം കരുതാൻ.

ഇതിനിടെ ബാർ കോഴ ആരോപണത്തിലെ ഗൂഢാലോചനയെക്കുറിച്ചും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പേരെടുത്തു വിമർശിച്ചുകൊണ്ടുമുള്ള ലേഖനം പാലാ രൂപതയുടെ കീഴിലുള്ള ‘ദീപനാളം’ വാരികയിൽ പ്രസിദ്ധീകരിക്കുകയുമുണ്ടായി.

ഇതെല്ലാം യുഡിഎഫ് കേന്ദ്രങ്ങളിൽ വൻ രോഷമുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില വ്യാജവാർത്തകൾ യുഡിഎഫ് ഹാൻഡിലുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

പക്ഷെ വോട്ടെടുപ്പ് കഴിഞ്ഞതോടെ സഭകൾക്കെതിരായ വിമർശനം കടുപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. പലപ്പോഴും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന വാചകങ്ങളടങ്ങിയ പോസ്റ്റുകളും, വൈദികരെയും സഭാ മേലധ്യക്ഷന്മാരെയും സംബന്ധിച്ചു വ്യാജ ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

സഭ തങ്ങളുടെ ചൊൽപ്പടിക്ക് നിന്നില്ലെങ്കിൽ പള്ളികളിലേക്ക് വരാൻ ജനം മടിക്കും എന്ന മട്ടിലുള്ള ഭീഷണി വരെ ഈ ലേഖനങ്ങളിലുണ്ട്. യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നുള്ള കടുത്ത ആക്രമണം സഭാ നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

സഭയോടോ സമുദായത്തിനോടോ അടുപ്പമുള്ള നേതാക്കളാരും യുഡിഎഫ് മുന്നണിയിൽ ഇല്ലാത്തതും പിജെ ജോസഫ് നിഷ്ക്രിയനായതും സഭാ നേതൃത്വത്തെ അലട്ടുന്നു. ഇപ്പോൾ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ തൽക്കാലം പ്രതികരിക്കേണ്ടതില്ല എന്നാണ് വിവിധ സഭാ കേന്ദ്രങ്ങളിലെ ഉത്തരവാദപ്പെട്ടവരിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. വരുംനാളുകളിൽ സഭയും യുഡിഎഫും തമ്മിലുള്ള തുറന്ന പോരിലേക്കാണ് കാര്യങ്ങൾ പോകുന്നത്എന്നതിന്റെ സൂചനയാണ് നമുക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്.