
തേർഡ് ഐ ബ്യൂറോ
ദുബൈ: ദുബായിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് വീടിന് ഒരു കിലോമീറ്റർ അകലെയുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. കോട്ടയം സ്വദേശി രോഹിത് രാജ് ജോണാണ്(33) മരിച്ചത്.
ബന്ധുവിന്റെ വീട് സന്ദർശിച്ച് മടങ്ങുമ്പോഴുണ്ടായ അപകടത്തിലാണ് രോഹിത് മരിച്ചത്. സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വച്ചാണ് രോഹിതിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടത്. കുറേ സമയമായിട്ടും രോഹിതിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടുകാർ ഇദ്ദേഹത്തെ റോഡിൽ വീണ് ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം വ്യക്തമല്ല. റോഡിലെ വെള്ളത്തിൽ ബൈക്ക് തെന്നി അപകടമുണ്ടായതാണെന്നാണ് നിഗമനം.
ദുബൈയിൽ ട്രാവൽ എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന രോഹിത് ഭാര്യയുടെ പ്രസവത്തിനായാണ് നാട്ടിലേക്ക് മടങ്ങിയത്. വന്ദേ ഭാരത് വിമാനത്തിൽ നാട്ടിലെത്തിയ രോഹിതിന്റെ ഭാര്യ സെപ്റ്റംബറിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഇതിൽ ഒരു കുഞ്ഞ് പ്രസവത്തോടെ തന്നെ മരിച്ചു. രണ്ട് ആൺകുഞ്ഞുങ്ങൾക്കും ഭാര്യയ്ക്കുമൊപ്പം നാട്ടിൽ കഴിയുന്നതിനിടെയാണ് അപകടമുണ്ടായത്.







