വാക്‌സിൻ വരാതെ ഇനി കുട്ടികൾ സ്‌കൂളിലേയ്ക്കു വരേണ്ട: കൊവിഡിനെ പ്രതിരോധിക്കാൻ നിർണ്ണായക തീരുമാനവുമായി മന്ത്രി

വാക്‌സിൻ വരാതെ ഇനി കുട്ടികൾ സ്‌കൂളിലേയ്ക്കു വരേണ്ട: കൊവിഡിനെ പ്രതിരോധിക്കാൻ നിർണ്ണായക തീരുമാനവുമായി മന്ത്രി

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ഈ അധ്യയന വർഷം ഒരു ദിവസം പോലും കുട്ടികൾക്കു സ്‌കൂളിൽ പോകാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച കൊവിഡ് എന്ന മഹാമാരി ഇന്ത്യയിൽ മാർച്ചിലാണ് ശക്തമായി എത്തിയതെങ്കിലും, ഇതിനു ശേഷം ഒരു ദിവസം പോലും കുട്ടികൾക്ക് സ്‌കൂളിൽ പോകാനായിട്ടില്ല. എന്നു സ്‌കൂളുകൾ തുറക്കുമെന്നു കുട്ടികൾ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുമ്പോഴാണ് ഡൽഹി ആരോഗ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം എത്തുന്നത്.

വാക്സിൻ ലഭ്യമാകുന്നതുവരെ ഡൽഹിയിലെ സ്‌കൂളുകൾ തുറക്കാൻ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂൾ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നും വാക്സിൻ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. സ്ഥിതിഗതികൾ പൂർണ നിയന്ത്രണത്തിലാകാതെ സ്‌കൂൾ തുറക്കില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയിൽ ഇന്നലെ 61,000 പേരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ അയ്യായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. നവംബർ ഏഴിന് 15.2 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ഇപ്പോൾ 8.49 ശതമാനമാണെന്നും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുകയാണെന്നും മന്ത്രി പറഞ്ഞു.

ഈ സ്ഥിതി തുടർന്നാൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലെത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിൽ പരിശോധന വർധിപ്പിക്കും. കഴിഞ്ഞ പത്ത് ദിവസമായി നൂറിലധികം മരണങ്ങളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യ്തത്. ഈ സാഹചര്യത്തിൽ മരണനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും സത്യേന്ദ്ര ജെയിൻ വ്യക്തമാക്കി.