കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച മൂന്നുവയസുകാരൻ മരിച്ചത് കുത്തിവയ്പ് മൂലമാണെന്നാരോപിച്ച് മാതാവ് നഴ്‌സിനെ മർദ്ദിച്ചു ; മാതാവിനെതിരെ പൊലീസ് കേസ് എടുത്തു
സ്വന്തം ലേഖകൻ
കോട്ടയം: കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച മൂന്നുവയസുകാരൻ മരിച്ചത് കുത്തിവയ്പ്പിനെ തുടർന്ന് എന്ന ആരോപിച്ച് കുട്ടിയുടെ അമ്മ നഴ്‌സിനെ തല്ലിയതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മാതാവിനെതിരെ ഗാന്ധി നഗര്‍ പൊലീസ് കേസെടുത്തു.
ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന മാരാരിക്കുളം സ്വദേശിയായ മൂന്നു വയസുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കടുത്ത പനിയും ഛര്‍ദിയും മൂലം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. എന്നാൽ കുട്ടി മരിച്ചത് കുത്തിവച്ചതിനെ തുടർന്നാണെന്ന് ആരോപിച്ച് കുട്ടിയുടെ മാതാവ് നഴ്‌സിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സവിതയുടെ നേതൃത്വത്തിലാണ് മാതാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അതേസമയം ന്യൂമോണിയ മൂലമാണ് കുട്ടി മരിച്ചത് എന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനു പുറമെ അണുബാധയും ഉണ്ടായിരുന്നു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.