play-sharp-fill
ക്ഷേത്രങ്ങളും ആരാധനാലയങ്ങളും മുങ്ങി: വെള്ളത്തിലായത് ഒരു കോടി രൂപയ്ക്ക് മുകളിൽ; ക്ഷേത്രങ്ങളിലെ സ്വത്തുക്കളും പ്രളയജല ഭീഷണിയിൽ

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും മുങ്ങി: വെള്ളത്തിലായത് ഒരു കോടി രൂപയ്ക്ക് മുകളിൽ; ക്ഷേത്രങ്ങളിലെ സ്വത്തുക്കളും പ്രളയജല ഭീഷണിയിൽ

സ്വന്തം ലേഖകൻ

തിരുവല്ല: സംസ്ഥാനത്തെ മുഴുവൻ വിഴുങ്ങിയ പ്രളയജലത്തിൽ മുങ്ങിയതോടെ ആരാധനാലയങ്ങളിലെ വൻ സമ്പാദ്യം മുഴുവൻ ഭീഷണിയിൽ. റവന്യു വകുപ്പിന്റെയും ഡിസാസ്റ്റർ മാനേജ്‌മെന്റ് സംഘത്തിന്റെയും കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലായി 87 ക്ഷേത്രങ്ങളും, 54 പള്ളികളും, 63 മോസ്‌കുകളുമാണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്. ഇതിൽ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളും, തിരുവാഭരങ്ങൾ അടക്കം സൂക്ഷിച്ചിരിക്കുന്ന മുറികളും അടങ്ങിയിട്ടുണ്ട്. പള്ളികളിലെയും മോസ്‌കുകളിലെയും നേർച്ചപ്പെട്ടികളും പ്രളയജലത്തിൽ മുങ്ങിപ്പോയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം വലിയ തോതിൽ പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
ആഗസ്റ്റ് 15 നാണ് സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ മുക്കി അപ്രതീക്ഷിതമായി ജലം ഒഴുകിയെത്തിയത്. വീടുകളെന്നോ ആരാധനാലയങ്ങളെന്നോ വേർതിരിവില്ലാതെ പ്രളയജലം എല്ലായിടത്തും എത്തി. ഇത്തരത്തിൽ പാഞ്ഞെത്തിയ ജലത്തിൽ മുങ്ങിയത് ആരാധനാലയങ്ങളിലെ കാണിക്ക വഞ്ചികൾ കൂടിയാണ്. പതിനായിരം രൂപ മുതൽ അരലക്ഷം രൂപ വരെ പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളിലുണ്ടായിരുന്നതായാണ് കണക്ക്. പല ആരാധനലായങ്ങളും മാസത്തിൽ ഒരു തവണയാണ് കാണിക്കവഞ്ചി തുറന്ന് കണക്ക് എണ്ണിത്തിടപ്പെടുത്തുന്നത്. മാസത്തിന്റെ പകുതി കടന്നത് കൊണ്ടു തന്നെ പല ആരാധനാലയങ്ങളിലും നല്ല തുക കാണിക്കവഞ്ചികളിലുണ്ടായിരുന്നു. പ്രളയജലം ഒഴുകിയെത്തിയതോടെ ഇത് മുഴുവനും വെള്ളത്തിലായി. കാണിക്കവഞ്ചികൾക്കുള്ളിൽ വെള്ളവും ചെളിയും നിറയുകയും ചെയ്തു. അഞ്ചു ദിവസത്തോളം കാണിക്കവഞ്ചികൾ വെള്ളത്തിൽ മുങ്ങിക്കിടന്നതോടെ നോട്ടുകൾ ഏതാണ്ട് പൂർണമായും അഴുകിയ അവസ്ഥയിലാണ്. ചില്ലറപ്പൈസയാകട്ടെ ചെളിയിൽ പൂണ്ടുകിടക്കുകയാണ്. വെള്ളം ഇറങ്ങിയാലും ഈ കാണിക്കവഞ്ചികളിലെ പണം ഇനി ഉപയോഗിക്കാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് ക്ഷേത്രം ഭാരവാഹികൾ.