ഏഴ് ഫോണുകളിൽ ഒരെണ്ണം ഉപയോഗിച്ചത് ശിവശങ്കർ തന്നെ ; സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് കൈമാറിയ ഫോൺ കിട്ടിയവരുടെ വിവരങ്ങൾ ലഭിച്ചെന്ന് ഇ.ഡി
സ്വന്തം ലേഖകൻ
കൊച്ചി: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് കൈമാറിയ മൊബൈൽ ഫോണുകൾ ആർക്കൊക്കെ കിട്ടിയെന്ന് വിവരങ്ങൾ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയകരക്ടറേറ്റ്.
കേസുമായി ബന്ധപ്പെട്ട് മൊബൈൽ കമ്പനികളാണ് വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റിന് കൈമാറിയിരിക്കുന്നത്.യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ആകെ വാങ്ങിയത് ഏഴ് മൊബൈൽ ഫോണുകളാണ് എന്നാണ് മൊബൈൽ കമ്പനികൾ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് നൽകിയ വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരസ്യ കമ്പനി ഉടമ പ്രവീൺ, എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, എം ശിവശങ്കർ, സന്തോഷ് ഈപ്പൻ, കോൺസുൽ ജനറൽ എന്നിവരാണ് ഫോൺകൈപ്പറ്റിയ അഞ്ച് പേർ.അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ട് ഐഫോണുകൾ ഉപയോഗിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോൺസുൽ ജനറലിന് ആദ്യം വാങ്ങിയ ഫോൺ തിരിച്ച് വാങ്ങി പകരം പുതിയത് വാങ്ങി നൽകുകയായിരുന്നു.
കോൺസുൽ ജനറൽ മടക്കി നൽകിയ ഫോണാണ് സന്തോഷ് ഈപ്പൻ ഉപയോഗിക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചൂണ്ടിക്കാട്ടി.1.19 ലക്ഷം രൂപയാണ് ഈ ഫോണിന്റെ വില.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെയുള്ളവർക്ക് ഐ ഫോൺ ലഭിച്ചുവെന്ന വിവാദങ്ങൾ മുറുകുന്നതിനിടെയാണ് ഫോൺ കൈപ്പറ്റിയവരുടെ പേര് വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.