ഐ.പി.എല്ലിലിന് ആവേശം കൂട്ടാൻ മത്സരങ്ങളിൽ മസാല ചേർക്കുന്നു..! ഞായറാഴ്ച ഒറ്റ ദിവസം രണ്ടു കളികളിൽ മൂന്നു സൂപ്പർ ഓവർ; കാശിനും ആവേശത്തിനും ക്രിക്കറ്റിനെ കൊന്നു കൊലവിളിക്കുന്നു; ഐ.പി.എൽ കോഴക്കളിയാകുന്നോ..!

ഐ.പി.എല്ലിലിന് ആവേശം കൂട്ടാൻ മത്സരങ്ങളിൽ മസാല ചേർക്കുന്നു..! ഞായറാഴ്ച ഒറ്റ ദിവസം രണ്ടു കളികളിൽ മൂന്നു സൂപ്പർ ഓവർ; കാശിനും ആവേശത്തിനും ക്രിക്കറ്റിനെ കൊന്നു കൊലവിളിക്കുന്നു; ഐ.പി.എൽ കോഴക്കളിയാകുന്നോ..!

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: ക്രിക്കറ്റ് എന്നത് മാന്യന്മാരുടെ കളിയാണ് എന്നാണ് വയ്പ്പ്. എന്നാൽ, പല ഘട്ടങ്ങളിലും കോഴവിവാദം ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയിട്ടുണ്ട്. ഞായറാഴ്ച ഐപിഎല്ലിൽ നടന്ന രണ്ടു കളികളിലായി മൂന്നു സൂപ്പർ ഓവർ നടന്നതോടെയാണ് ഐപിഎല്ലിൽ വീണ്ടും കളിക്കുന്നത് കോഴയാണോ എന്ന സംശയം ഉയരുന്നത്. കളിയുടെ രസം കൂട്ടാനും, ടെലിവിഷൻ സംപ്രേക്ഷണത്തിൽ ആളുകൾ ഇടിച്ചു കയറുന്നത് വർദ്ധിപ്പിക്കുന്നതിനു വേണ്ടി മത്സരങ്ങളിൽ ആവശ്യത്തിലധികം മസാല ചേർക്കുന്നതായാണ് ആരോപണം.

ഞായറാഴ്ച ഐ.പി.എല്ലിലെ ആദ്യ മത്സരം നടന്നത് കൊൽക്കത്തയും ഹൈബരാബാദും തമ്മിലായിരുന്നു. അവസാന ഓവർ വരെ ആവേശം നീണ്ടു നിന്ന മത്സരം സൂപ്പർ ഓവറിലാണ് അവസാനിച്ചത്. അവസാന പന്തിൽ രണ്ടു റൺ വേണ്ടപ്പോൾ ഒരു റൺ മാത്രം എടുക്കാനോ ഹൈദരാബാദിനു കഴിഞ്ഞുള്ളു. ഇതാണ് മത്സരം സൂപ്പർ ഓവറിലേയ്്ക്ക് എത്തിച്ചത്. ഈ സൂപ്പർ ഓവറിലേയ്ക്കു മത്സരം എത്തിയതിനു പിന്നിൽ കാര്യമായ നിഗൂഡത തോന്നേണ്ട കാര്യവുമില്ല. സ്വാഭാവികമായി മത്സരം ടൈ ആയി കളി സൂപ്പർ ഓവറിൽ എത്തി എന്നതു മാത്രമേ ഈ കളി മാത്രം എടുത്തു വിലയിരുത്തുമ്പോൾ തോന്നൂ.

എന്നാൽ, രാത്രി നടന്ന രണ്ടാമത്തെ മത്സരത്തിൽ മുംബൈയും പഞ്ചാബും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടു സൂപ്പർ ഓവർ വന്നു എന്നതിലാണ് സംശയം ഉടലെടുക്കുന്നത്. ടൂർണമെന്റിലെ അവസാന സ്ഥാനക്കാരാണ് പഞ്ചാബ്. ക്രിസ്‌ഗെയിലിന്റെ വരവോട് ടീം ആകെ ഒന്ന് ഉണർന്നിട്ടുണ്ട്. ടൂർണമെന്റിലെ ഒന്നും രണ്ടും സ്ഥാനത്ത് മാറിമാറിക്കളിക്കുന്നവരാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ. എന്നാൽ, മത്സരത്തിന്റെ അവസാന ഓവറിലേത് അടക്കം രണ്ട് റണ്ണൗട്ടുകളാണ് സംശയത്തിനു ഇടനൽകുന്നത്.

പഞ്ചാബിന്റെ അവസാന ഓവറിൽ ബാറ്റ് ചെയ്തത് ജോർദാനായിരുന്നു. രണ്ടാം റണ്ണിനായി ജോർദാൻ ഓടിയ രീതിയാണ് സംശയത്തിനു ഇടനൽകുന്നത്. ബൗളറുടെ എൻഡിൽ ബാറ്റ് കുത്തിയ ശേഷം നേരെ അതിവേഗം തിരിയാതെ ജോർദാൻ അൽപദൂരം മാറിയോടുകയായിരുന്നു. ഇതാണ് ഇയാളുടെ റൗണ്ണൗട്ടിൽ കലാശിച്ചതും കളി ടൈ ആയതും. ഇതിനു പിന്നാലെ എത്തിയ സൂപ്പർ ഓവറിൽ അഞ്ചു റൺ മാത്രം വിജയിക്കാൻ വേണ്ടിയിരിക്കെ മുംബൈയുടെ കൂറ്റൻ അടിക്കാരായ രോഹിത് ശർമ്മയും, ക്വിന്റൽ ഡിക്കോക്കും തട്ടിക്കളിച്ചതും കോഴക്കളിയുടെ മണം പടർത്തുന്നു.

സൂപ്പർ സൺഡേ
സൂപ്പർ ഓവർ

മുംബൈ ഇന്ത്യൻസിനെതിരേ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബ് 20 ഓവർ പൂർത്തിയാക്കിയപ്പോൾ 176 റൺസാണ് എടുത്തത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.

ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകളും അഞ്ച് റൺസ് വീതം എടുത്തപ്പോൾ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്നു. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ 11 റൺസ് നേടി. രണ്ടാം സൂപ്പർ ഓവറിനൊടുവിൽ മുംബൈക്കെതിരെ പഞ്ചാബ് തകർപ്പൻ വിജയം നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ഓപ്പണർ ക്വിന്റൺ ഡിക്കോക്കാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ. 43 പന്തുകൾ നേരിട്ട ഡിക്കോക്ക് മൂന്ന് വീതം സിക്സും ഫോറുമടക്കം 53 റൺസെടുത്തു.

പൊള്ളാർഡ് 12 പന്തിൽ നിന്ന് നാലു സിക്സറുകളടക്കം 34 റൺസെടുത്തു. കോൾട്ടർ-നെയ്ൽ 12 പന്തിൽ നിന്ന് നാലു ഫോറടക്കം 24 റൺസുമെടുത്തു. പഞ്ചാബിനായി അർഷ്ദീപ്, മുഹമ്മദ് ഷമി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

സൂപ്പർ ഓവർ
സൂപ്പർ കൊൽക്കത്ത

ഹൈദരാബാദ്-കൊൽക്കത്താ നൈറ്റ് റൈഡേഴ്സ് മൽസരത്തിൽ സൂപ്പർ ഓവറിലാണ് കൊൽക്കത്ത ജയം കണ്ടത്. മൽസരം സമനിലയിലായതിനെ തുടർന്നാണ് സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മൂന്ന് പന്ത് നേരിട്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ രണ്ട് റൺസെടുത്തു. തുടർന്ന് ബാറ്റ് ചെയ്ത കൊൽക്കത്ത നാല് പന്ത് നേരിട്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ മൂന്ന് റൺസെടുത്ത് വിജയം കരസ്ഥമാക്കി.

ലോക്കി ഫെർഗൂസൺന്റെ നിർണ്ണായകമായ ബൗളിങാണ് കൊൽക്കത്തയ്ക്ക് ജയമൊരുക്കിയത്. സൂപ്പർ ഓവറിൽ താരം രണ്ട് വിക്കറ്റാണ് നേടിയത്. ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങിൽ ഹൈദരാബാദിനായി ബെയർസ്റ്റോ (36), വില്ല്യംസൺ(29) എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. വാർണർ (47) പുറത്താവാതെ മികച്ച പ്രകടനം നടത്തി. സമദ് 23 റൺസെടുത്തു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 163 റൺസെടുത്തത്. കൊൽക്കത്തയ്ക്കായി ഫെർഗൂസൺ മൂന്ന് വിക്കറ്റ് നേടി.

ശുഭ്മാൻ ഗിൽ(36), ത്രിപാട്ടി (23), റാണ(29), മോർഗാൻ(34), കാർത്തിക്ക് (29) എന്നിവരുടെ പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട സ്‌കോർ നൽകിയത്.

എല്ലാം പണത്തിനു വേണ്ടി
മത്സരത്തിന്റെ ആവേശം കുറഞ്ഞാൽ ടെലിവിഷൻ പ്രേക്ഷകർ കുറയും. ഇത് വരുമാനത്തെയും ബാധിക്കും. നേരത്തെ മൈതാനത്ത് ആളുകൾ കയറുമ്പോഴുള്ള വരുമാനവും, സ്റ്റേഡിയത്തിലെ പരസ്യവരുമാനവും ഐപിഎല്ലിനു ലഭിച്ചിരുന്നു. ടിക്കറ്റ് വിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനം ടീമുകൾക്കും ലഭിച്ചിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള വരുമാനം നിലച്ചതോടെ ഐപിഎൽ തന്നെ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിൽ ടെലിവിഷൻ സംപ്രേക്ഷണാവകാശവും ഇതുവഴിയുള്ള പരസ്യവരുമാനവും മാത്രമാണ് ഒരു വഴി. അതുകൊണ്ടു പരമാവധി കളികൾ സൂപ്പർ ഓവറിൽ എത്തിയാൽ അത്രയും കാശ് പെട്ടിയിൽ വീഴും. ഒരു സൂപ്പർ ഓവർ മത്സരം എത്തിയാൽ ഒരു മണിക്കൂർ കൂടി ടി.വി സംപ്രേക്ഷണ അവകാശം വരും. ഇത് വഴി പെട്ടിയിലാകുക കോടികളാകും.