പേരിനു പോലും ആളില്ല; മീശക്കെതിരായ ഹിന്ദു പ്രതിഷേധം പൊളിഞ്ഞു: പ്രകടനത്തിനെത്തിയത് നൂറിൽ താഴെ സ്ത്രീകൾ
സ്വന്തം ലേഖകൻ
കോട്ടയം: മാതൃഭുമി ആഴ്ച പതിപ്പ് പ്രസിദ്ധീകരിക്കുകയും , വിവാദമായതിനെ തുടർന്ന് പിന്നീട് പിൻ വലിക്കുകയും ചെയ്ത മീശ നോവലിനെതിരെ സംഘപരിവാർ അനുകൂല വനിതാ സംഘടനയുടെ പ്രതിഷേധം പൊളിഞ്ഞു. മീശ പ്രസിദ്ധീകരിച്ച ഡിസി ബുക്ക്‌സിലേയ്ക്ക് വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ മഹിളാ ഐക്യ വേദി നടത്തിയ പ്രകടനത്തിൽ നൂറിൽ താഴെ സ്ത്രീകളാണ് പങ്കെടുത്തത്. ഹിന്ദു അമ്മമാരുടെ പ്രതിഷേധം ഇരമ്പും എന്ന രീതിയിൽ വൻ പ്രചാരണമാണ് മാർച്ചിന് ഹിന്ദു ഐക്യവേദി അടക്കമുള്ളവർ നൽകിയിരുന്നത്. എന്നാൽ പരിപാടി പൊളിഞ്ഞതോടെ നേതാക്കൻമാരുടെ പ്രസംഗങ്ങളിൽ പലതും അക്രമ സ്വഭാവവും, സഭ്യേതരവുമായി. ഇതോടെ സമരത്തിനെത്തിയ ചില സ്ത്രീകൾ തന്നെ പ്രതിഷേധം ഉയർത്തി.
കോട്ടയം ഗാന്ധിസ്‌ക്വയറിൽനിന്ന് ആരംഭിച്ച ഗുഡ്‌ഷെപ്പേർഡ് റോഡിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ഹൈന്ദവക്ഷേത്രങ്ങളെയും സ്ത്രീത്വത്തെയും മീശനോവൽ അപമാനിക്കുകയാണ്. കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ ഹൈവവിശ്വാസത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. മഹിള െഎക്യവേദി സംസ്ഥാന അധ്യക്ഷ നിഷ സോമൻ അധ്യക്ഷത വഹിച്ചു. ഹിന്ദുെഎക്യവേദി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മഹിളമോർച്ച സംസ്ഥാനപ്രസിഡൻറ് രേണു സുരേഷ്, ജനറൽസെക്രട്ടറി ബിന്ദുമോഹൻ, യോഗക്ഷേമസഭ സംസ്ഥാനഅധ്യക്ഷ സി.എൻ. സോയ, ഷൈജല രവീന്ദ്രൻ എന്നിവർ സംസാരിച്ചു