Saturday, May 17, 2025
HomeCrimeഷാപ്പ് മാനേജരുടെ മൂക്കിടിച്ചു തകർത്ത കേസിൽ 45 ദിവസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ പ്രതി...

ഷാപ്പ് മാനേജരുടെ മൂക്കിടിച്ചു തകർത്ത കേസിൽ 45 ദിവസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും അകത്തായി: അകത്തായത് 55 കാരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത് കടുത്തുരുത്തി പൊലീസ്

Spread the love

തേർഡ് ഐ ക്രൈം

കോട്ടയം: ഉത്രാടത്തിന്റെ അന്ന് ഷാപ്പ് മാനേജരുടെ മൂക്കിന്റെ പാലം ഇടിച്ചു തകർത്ത കേസിൽ 45 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിവസം തന്നെ വീണ്ടും അകത്തായി. മാസങ്ങൾക്കു മുൻപ് 55 കാരനെ കടുത്തുരുത്തിയിൽ വച്ചു കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ്. വ്യാഴാഴ്ച റിമാൻഡ് കാലാവധി കഴിഞ്ഞ് ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിവസം തന്നെയാണ് ഇയാളെയും കൂട്ടു പ്രതിയെയും കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ആപ്പാൻഞ്ചിറ വെള്ളൂശേരികര കാണാട്ട് വീട്ടിൽ അക്ഷയ് രാധാകൃഷ്ണനെ (23)യും ഇയാളുടെ കൂട്ടു പ്രതി വെള്ളൂർ വടകര പനച്ചിക്കാലായിൽ അബ്ദദുൾ ഷുക്കൂറിനെയുമാണ് (25) കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഉത്രാടത്തിന്റെ ദിവസം കടുത്തുരുത്തി പൂഴിക്കോൽ ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്നു അക്ഷയ് രാധാകൃഷ്ണൻ ഈ ഷാപ്പിലെ മാനേജരുടെ മൂക്കിന്റെ പാലം ഇടിച്ചു തകർത്തിരുന്നു. ഈ കേസിൽ അന്നു തന്നെ പിടിയിലായ അക്ഷയിയെ കടുത്തുരുത്തി പൊലീസ് റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ വ്യാഴാഴ്ച രാവിലെയാണ് അക്ഷയ് ജാമ്യത്തിൽ ഇറങ്ങിയത്. അക്ഷയ് കോട്ടയം ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ സംഭവം ഉണ്ടാകുന്നതിനു ദിവസങ്ങൾക്കു മുൻ ആഗസ്റ്റ് 28 ന് ആപ്പാഞ്ചിറ ഭാഗത്ത് റോഡിൽ വച്ച് കടുത്തുരുത്തി പൂഴിക്കോൽ കുന്നേൽപ്പറമ്പിൽ ബഷീറിനു (55) കുത്തേറ്റിരുന്നു. കുത്തേറ്റ് കുടൽമാല മുറിഞ്ഞ് ഗുരുതരാവസ്ഥയിലായ ബഷീർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതുകൊണ്ടു തന്നെ കുത്തിയത് ആരാണ് എന്നു ബഷീറിൽ നിന്നും പൊലീസിനു മനസിലാക്കാൻ സാധിച്ചിരുന്നില്ല.

ഇതിനിടെ കഴിഞ്ഞ ദിവസം ബഷീറിന്റെ മൊഴിയെടുത്ത പൊലീസ് സംഘം കുത്തിയ പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടർന്നു, കേസിലെ പ്രതികളായ അക്ഷയിനെയും അബ്ദുൾ ഷുക്കൂറിനെയും എസ്.ഐ ടി.എസ് റെനീഷ്, ഗ്രേഡ് എസ്.ഐ സജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ലിജുമോൻ, പ്രശാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തു. പിടിച്ചുപറിയും മോഷണവും കഞ്ചാവ് കച്ചവടവും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളാണ് ഇരുവരും. സ്ഥിരം പൊലീസിനു തലവേദന സൃഷ്ടിക്കുന്നവരാണ് ഇരുവരും. ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് എതിരെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ കർശന നടപടികൾ സ്വികരീക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments