play-sharp-fill
തന്ത്രിയുടെ വഴി മുടക്കി പമ്പയിൽ പ്രളയം; നിറപുത്തരിക്കുള്ള നെൽക്കതിർ സന്നിധാനത്തെത്തിക്കാൻ സഹായം തേടി ദേവസ്വം ബോർഡ്

തന്ത്രിയുടെ വഴി മുടക്കി പമ്പയിൽ പ്രളയം; നിറപുത്തരിക്കുള്ള നെൽക്കതിർ സന്നിധാനത്തെത്തിക്കാൻ സഹായം തേടി ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ

പത്തനംതിട്ട : നിറപുത്തരിക്കുള്ള നെൽക്കതിർ സന്നിധാനത്തെത്തിക്കാൻ സഹായം തേടി ദേവസ്വം ബോർഡ്. നിറപുത്തരിക്കായി ഇന്ന് ശബരിമല നട തുറക്കുകയാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ നിറപുത്തരി പൂജകൾക്കായി തന്ത്രിയെയും, പൂജകൾക്കുള്ള നെൽക്കതിരും സന്നിധാനത്ത് എത്തിക്കാനുള്ള ആലോചനയിലാണ് ദേവസ്വം അധികൃതർ. വെള്ളം ഉയർന്നതോടെ, പമ്പയും ത്രിവേണിയും പൂർണമായും വെള്ളത്തിൽ മുങ്ങി. സന്നിധാനത്തേക്കുള്ള യാത്ര വിലക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടവും പൊലീസും. എന്നാൽ നിറപുത്തരി പൂജകൾക്ക് മുടക്കമുണ്ടാകില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. മേൽശാന്തി സന്നിധാനത്ത് ഉള്ളതിനാൽ പൂജകൾക്ക് തടസ്സമുണ്ടാകില്ല. നിറപുത്തരി പൂജകൾക്കുള്ള നെൽക്കതിർ പുല്ലുമേട് വഴി സന്നിധാനത്ത് എത്തിക്കുന്നതിനെകുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്. തന്ത്രിയെയും നെൽക്കതിരും സന്നിധാനത്ത് എത്തിക്കാൻ നടപടി ഉണ്ടാക്കണമെന്ന് ദേവസ്വം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

പമ്പയിലെ വിവിധ ഡാമുകൾ തുറന്നിരിക്കുന്നതിനാൽ ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്. കക്കി, ആനത്തോട് ഡാമുകൾ ഉൾപ്പെടെ ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള ഡാമുകളുടെയെല്ലാം ഷട്ടറുകൾ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്നിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് നിലയ്ക്കലിൽ താമസിക്കാനുള്ള സൗകര്യം ദേവസ്വംബോർഡ് ഒരുക്കി നൽകും. എന്നാൽ പമ്പാ നദിയിലെ വെള്ളത്തിന്റെ അപകടാവസ്ഥയ്ക്ക് മാറ്റം വരാതെ അയ്യപ്പഭക്തരെ പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കടത്തിവിടില്ല. പമ്പയിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചും വടം കെട്ടിയും അപകട മുന്നറിയിപ്പ് നൽകിയും അയ്യപ്പഭക്തർക്ക് സ്ഥിതിഗതികൾ കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group