പാലാരിവട്ടം പാലം പൊളിക്കൽ : ദേശീയപാതയിലൂടെയുള്ള ഗതാഗതം താറുമാറാകും ; ദുരിതമായി മാലിന്യവും
സ്വന്തം ലേഖകൻ
കൊച്ചി: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാലാരിവട്ടം ഫ്ളൈ ഓവർ പൊളിച്ചു പണിയുന്നതിന് അതിവേഗ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഒക്ടോബർ പകുതിയോടെ തന്നെ പാലം പൊളിക്കൽ നടപടി ആരംഭിക്കാനാണ് സർക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും തീരുമാനം.
ഫ്ളൈ ഓവറിന്റെ തകരാറുകൾ പരിശോധിച്ച ചെന്നൈ ഐ.ഐ.ടി വിദഗ്ദ്ധ സംഘവും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും നിർദ്ദേശിച്ച പ്രവൃത്തികളാകും ചെയ്യുക. പണികളുടെ ചുമതല നേരത്തെ ഡി.എം.ആർ.സി.ക്ക് സർക്കാർ കൈമാറിയിരുന്നെങ്കിലും ഹൈക്കോടതിയിൽ കേസ് വന്നതോടെ പിന്മാറിയിരുന്നു. എന്നാൽ കൊച്ചി മെട്രോയുടെ ചുമതലകൾ പൂർത്തിയാക്കി ഡി.എം.ആർ.സി കേരളം വിടുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ഭാഗമായി ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ചു. ജീവനക്കാരിൽ നല്ലപങ്കും സ്ഥലം വിട്ടു. പാലാരിവട്ടം ഫ്ളൈ ഓവർ പൊളിച്ചുപണി ഏറ്റെടുക്കാൻ സങ്കേതികപ്രശ്നങ്ങളും ഡി.എം.ആർ.സിക്കുണ്ട്.
പാലം പൊളിക്കുന്നത് ഏറെ സാരമായി ബാധിക്കുന്നത് കൊച്ചിയിലെ ഗതാഗതത്തെയായിരിക്കും. സർവീസ് റോഡുകളിൽ യന്ത്രങ്ങൾ നിറുത്തിയിട്ടേ ഗർഡറുകൾ കഷണങ്ങളായി മുറിച്ചു നീക്കാനാകൂ. ഫ്ളൈ ഓവർ അടച്ചതോടെ സർവീസ് റോഡ് നിറഞ്ഞാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
ഇപ്പോൾ തന്നെ നാലുവശത്തേക്കും ഒരു കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങൾ കരുക്കിൽപ്പെടുന്നത് പതിവാണ്.എന്നാൽ പാലം പൊളിക്കൽ കൂടിയാകുമ്പോൾ ദേശീയപാതയിലൂടെയുള്ള ഗതാഗതം താറുമാറാകും.
604 മീറ്ററാണ് ഫ്ളൈ ഓവറിന്റെ അപ്രോച്ച് റോഡ് ഒഴിച്ചുള്ള 442 മീറ്റർ ഭാഗമാണ് പൊളിക്കുക. കോൺക്രീറ്റ് ഭാഗം പകുതിയിലേറെ പൊളിച്ചുമാറ്റി പുതിയതായി നിർമ്മിക്കും.
പാലത്തിൽ നിന്നും മുറിച്ചെടുക്കുന്ന ഗർഡറുകൾ, കടൽകയറ്റ പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കാൻ ഉപയോഗിക്കാനാണ് നീക്കം. എന്നാൽ പൊളിച്ചെടുക്കുന്ന ‘ഡെക്ക് സ്ലാബു’കൾ അടക്കമുള്ളത് എന്തുചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. പൈട്ടന്ന് നശിക്കുന്നതല്ല കോൺക്രീറ്റ് വസ്തുക്കൾ. എവിടെ കൊണ്ടുപോയി തള്ളുമെന്നതും തീരുമാനിക്കേണ്ടിയിരിക്കുന്നു.
ആധുനിക സങ്കേതികവിദ്യകൾ പൊളിക്കാൻ ഉപയോഗിക്കുമെങ്കിലും പൊടിയും ശബ്ദശല്യവും വിഷമങ്ങൾ സൃഷ്ടിക്കും. യാത്രക്കാരും പ്രദേശവാസികളും ഇവ സഹിക്കേണ്ടിവരും. ഫ്ളൈ ഓവർ നിർമ്മാണസമയത്ത് ഒട്ടേറെ ദുരിതങ്ങൾ അനുഭവിച്ചതാണ് പ്രദേശവാസികൾ. പാലം പൊളിക്കുന്നതിന്റെ ദുരിതം കൂടിയും പ്രദേശവാസികളും യാത്രക്കാരും അനുഭവിക്കേണ്ടിവരും.