play-sharp-fill
ഇ.പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച

ഇ.പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ഇ.പി ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ഇതു സംബന്ധിച്ച് നേതാക്കൾക്കിടയിൽ ധാരണയായതാണ് സൂചന. ബന്ധുനിയമന വിവാദത്തേത്തുടർന്നാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. എന്നാൽ ഈ കേസിൽ വിജിലൻസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതോടെയാണ് രണ്ട് വർഷത്തിന് ശേഷം മടങ്ങിവരവിന് കളമൊരുങ്ങുന്നത്. ജയരാജൻ മടങ്ങിയെത്തുമ്പോൾ മുമ്പ് ഭരിച്ചിരുന്ന വ്യവസായ വകുപ്പ് തലം ലഭിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല. ജയരാജിനു പകരം വ്യവസായ വകുപ്പിന്റെ ചുമതലയേറ്റ എ.സി മൊയ്തീൻ നഷ്ടത്തിലായിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലേക്ക് കൊണ്ടുവന്നിരുന്നു. അതുകൊണ്ടുതന്നെ മൊയ്തീനെ മാറ്റാൻ പിണറായിക്ക് താല്പര്യമില്ല. നിലവിൽ എക്‌സൈസ് തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന രാമകൃഷ്ണനിൽ നിന്ന് എക്‌സൈസ് അടർത്തി മാറ്റി ജയരാജന് നല്കുന്ന കാര്യവും പരിഗണനയിലുണ്ട്.
വെള്ളിയാഴ്ച സി.പി.എം അടിയന്തര സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരും. തിങ്കളാഴ്ച എൽ.ഡി.എഫ് യോഗവും വിളിച്ചിട്ടുണ്ട്. അതിനിടെ ഇ.പി യെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിൽ ഇടഞ്ഞു നിന്ന സി.പി.ഐയുമായും ചർച്ച നടത്തിയേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് ഈമാസം 17നാണ്. ഇതിന് മുമ്ബുതന്നെ ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് കരുതുന്നത്. ഇ.പി പുറത്ത് പോയപ്പോൾ പകരം സി.പി.എം നേതാവായ എം.എം മണി മന്ത്രിസഭയിലെത്തി വൈദ്യുതി മന്ത്രിയായി. നിലവിൽ മന്ത്രിസഭയിൽ 20 മന്ത്രിമാരാണ് ഉള്ളത്. ആരെയും ഒഴിവാക്കാതെ പുതിയ മന്ത്രിയെ സി.പി.എം കൊണ്ടുവന്നാൽ സി.പി.ഐ മന്ത്രിസ്ഥാനം ആവശ്യപ്പെടും. ഇക്കാര്യത്തിൽ സമവായത്തിനാണ് സി.പി.ഐയുമായി ചർച്ച നടത്തുന്നത്. മുഖ്യമന്ത്രി ചികിത്സക്ക് പോകുമ്‌ബോൾ താത്കാലികമായി ചുമതല ആർക്കു നൽകുമെന്ന കാര്യവും യോഗങ്ങളിൽ പ്രധാന ചർച്ചാ വിഷയമാകും.