video
play-sharp-fill
സ്‌കൂൾ തുറന്നാൽ തീർന്നു..! കൊവിഡ് കാലത്ത് സെപ്റ്റംബർ 21 ന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നാൽ സംഭവിക്കുന്നത് എന്ത്; സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാകുന്നു

സ്‌കൂൾ തുറന്നാൽ തീർന്നു..! കൊവിഡ് കാലത്ത് സെപ്റ്റംബർ 21 ന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നാൽ സംഭവിക്കുന്നത് എന്ത്; സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാകുന്നു

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്‌കൂൾ കാലത്തിന്റെ ആദ്യ മൂന്നു മാസം എങ്ങും തൊടാതെ നഷ്ടമായിരിക്കുകയാണ്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു സ്‌കൂളുകൾ മാർച്ചിൽ അടച്ചതിനു ശേഷം തുറന്നിട്ടേയില്ല. ജൂണിൽ തുറക്കേണ്ട സ്‌കൂളുകൾ എന്ന് തുറക്കുമെന്നു പോലും പറയാനാവാത്ത സ്ഥിതിയാണ്.

ഇതിനിടെയാണ് ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി വിദ്യാലയങ്ങൾ ഭാഗികമായി തുറക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയത്. എന്നാൽ, സെപ്തംബർ 21ഓടെ സ്‌കൂളുകൾ തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ സ്‌കൂളുകൾ തുറന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമാക്കുകയാണ് ഡോ. ദീപു സദാശിവൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ തുറക്കാൻ തീരുമാനിച്ചാൽ രോഗസംക്രമണം വേഗതയിലാവുമെന്ന് കുറിപ്പിൽ പറയുന്നു.. സ്‌കൂളുകൾ തുറന്നാൽ, കുട്ടികളുടെ ഇടപഴകൽ, സ്‌കൂൾ വാഹനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, സ്‌കൂളിലെ അദ്ധ്യപക/ അനദ്ധ്യാപക ഇടപഴകലുകൾ എല്ലാം പുനരാരംഭിക്കുന്നതോടെ രോഗസംക്രമണം വേഗതയിലാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു

സംസ്ഥാനത്ത് സ്‌കൂളുകൾ ജനുവരിയോടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സെപ്തംബർ 21 മുതൽ രാജ്യത്തെ സ്‌കൂളുകൾ തുറക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ വെള്ളിയാഴ്ച നൽകും.

അൺലോക് നാലിന്റെ ഭാഗമായാണ് സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലുള്ള സ്‌കൂളുകളിൽ മാത്രമാകും പ്രവർത്തനം ആരംഭിക്കുക. മാസ്‌ക് ഉപയോഗിക്കണം, വിദ്യാർഥികൾ തമ്മിൽ ആറ് അടി അകലം പാലിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യണം, പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിർദേശങ്ങളാണ് പുറത്തിറക്കിയത്.

ദീപു സദാശിവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സ്‌കൂളുകൾ ഉടൻ തുറക്കണോ ?

ജനുവരിയിൽ സ്‌കൂളുകൾ തുറന്നേക്കാം എന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അതിനും മുൻപേ സ്‌കൂൾ തുറക്കാനുള്ള ആലോചനകളുമായി കേന്ദ്ര സർക്കാർ മുൻപോട്ടു വന്നിതിനെ തുടർന്ന്,
ഇത് സംബന്ധിച്ച സംസ്ഥാന റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ വെള്ളിയാഴ്ച നൽകും.
എന്താണ് വേണ്ടത്?

വ്യക്തിപരമായ അഭിപ്രായം ചുവടെ,

കേരളത്തിൽ സ്‌കൂളുകൾ എന്ന് തുറക്കുന്നത് എങ്ങനെ എപ്പോൾ വേണം എന്നത് ചിന്തിക്കേണ്ടത് തന്നെയാണ്, എന്നാൽ വസ്തുതകൾ തുലനം ചെയ്താൽ സ്‌കൂൾ തുറക്കാറായിട്ടില്ല എന്ന് തന്നെ നിരീക്ഷിക്കാനാവും.

കാരണങ്ങൾ ചുവടെ,

1 . രോഗവ്യാപന തോത് കൂടും

മറ്റു സംസ്ഥാനങ്ങളിലെയോ ഇന്ത്യയിലെ ആകെ പൊതുവിലെ സാഹചര്യമോ അല്ല കേരളത്തിൽ.

കേരളം രോഗസംക്രമണത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് ഇത് വരെ എത്തിയിട്ടില്ല. നമ്മൾ ഇപ്പോളും രോഗസംക്രമണ തോത് താമസിപ്പിക്കാൻ ഇഞ്ചോടിഞ്ച് പൊരുതുന്ന തന്ത്രം തന്നെയാണ് തുടരുന്നത്.

സ്‌കൂളുകൾ തുറന്നാൽ, കുട്ടികളുടെ ഇടപഴകൽ, സ്‌കൂൾ വാഹനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, സ്‌കൂളിലെ അധ്യാപക/ അനദ്ധ്യാപക ഇടപഴകലുകൾ എല്ലാം പുനരാരംഭിക്കുന്നതോടെ രോഗസംക്രമണം വേഗതയിലാവും.

2 . പ്രായമേറിയവരെ സംരക്ഷിച്ചു നിർത്തുന്ന റിവേഴ്സ് ക്വാറന്റൈൻ പ്രതിരോധത്തിൽ കൂടുതൽ വിള്ളൽ വീഴും.

നമ്മുടെ സാമൂഹിക ക്രമം അനുസരിച്ചു പ്രായമേറിയവർ കുട്ടികളുമായി വീട്ടിൽ ഇടപഴകാൻ സാധ്യത ഏറെയാണ്. നാം അവരെ സംരക്ഷിച്ചു നിർത്തിയത് കൊണ്ട് കൂടിയാണ് നിലവിൽ മരണനിരക്ക് കുറഞ്ഞിരിക്കുന്നത്. സ്‌കൂൾ തുറക്കുന്നത് മൂലം പ്രായമേറിയവരിലേക്കു രോഗാണു കൂടുതൽ എത്താനും, കൂടുതൽ രോഗികളും, കൂടുതൽ മരണവും സംഭവിക്കാനുള്ള സാദ്ധ്യതകൾ വർദ്ധിക്കുന്നു.

ഒരു അനുഭവം വെറുതെ നോക്കാം, എല്ലാ വർഷവും സ്‌കൂൾ തുറന്നു ഇതുവരെ ഉള്ള കാലഘട്ടത്തിൽ കുട്ടികൾക്കും അതു വഴി വീട്ടിലുള്ളവർക്കും സ്ഥിരമായി ഉണ്ടാവാറുള്ള ജലദോഷപ്പനി പല കുടുംബത്തിലും ഇത്തവണ ഉണ്ടായിട്ടേ ഉണ്ടാവില്ല എന്നാണു കേട്ടറിവ്. കഴിഞ്ഞ വർഷങ്ങൾ നോക്കിയാൽ ഇതിനിടയിൽ 5 6 തവണ എങ്കിലും ഉണ്ടാവേണ്ട സമയം ആയിട്ടുണ്ട്.

3. സ്‌കൂൾ തുറന്നാൽ കുട്ടികളിൽ രോഗം പകർന്നു പിടിക്കാനുള്ള സാധ്യത എത്രത്തോളം?

നോക്കൂ സ്‌കൂളുകൾ തുറന്നപ്പോൾ, അമേരിക്കയിൽ സംഭവിച്ചത് ഓർക്കാം,

സ്‌കൂൾ തുറന്ന ആദ്യ 2 ആഴ്ചയിൽ 97,000 കുട്ടികൾക്കാണ് കോവിഡ് ബാധ ഉണ്ടായത്. ( ആകെ ഇതുവരെ 480,000 കുട്ടികളാണ് ഡട ൽ രോഗബാധിതർ.

ഡഅഋ യിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇപ്പോൾ സംഭവിക്കുന്നതും വിഭിന്നമല്ല, രോഗബാധ ഉയരുന്നു എന്ന് കണ്ടു സ്‌കൂൾ തുറക്കുന്ന ഘട്ടങ്ങൾ നീക്കി വെക്കുകയാണ് ഒട്ടേറെ രാജ്യങ്ങൾ.

ആദ്യകാലത്ത് രോഗം വന്നു പോയ പല സ്ഥലങ്ങളിൽ പോലും സ്‌കൂളുകൾ തുറക്കുന്ന നടപടിക്രമങ്ങൾനടക്കുന്നതേയുള്ളൂ, ഭാഗികമായോ ഘട്ടം ഘട്ടമായോ മാത്രമേ അവിടെയും തുറക്കൂ.

കുട്ടികളുടെ എണ്ണം, ജന സാന്ദ്രത കുറവും, മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും ഒക്കെ ഉള്ള രാജ്യങ്ങൾ പോലും ആ ഘട്ടത്തിലേക്ക് എത്തുന്നതേയുള്ളൂ എന്നത് വിഭവ ശേഷിയും സൗകര്യങ്ങളും കുറവുള്ള നാം ചിന്തിക്കണം.

4 . കുട്ടികൾ ‘കോവിഡ് സേഫ്’ ആണോ? കുട്ടികളിലെ അപകട സാധ്യത എത്രത്തോളം ഉണ്ട്?

രോഗം പ്രത്യക്ഷപ്പെട്ടു ഒൻപതാം മാസത്തിലേക്ക് നാം കടക്കുമ്‌ബോൾ രോഗബാധയുമായി ബന്ധപ്പെട്ടു അനേകം പുതിയ പഠനങ്ങൾ പുതിയ അറിവുകൾ അനുദിനം മുന്നോട്ടു വെക്കുന്നുണ്ട്.

രോഗത്തിന്റെ തീവ്രതയും, മരണ സാധ്യതയും കുട്ടികളിലാണ് ഏറ്റവും കുറഞ്ഞ തോതിൽ എന്നത് മുൻപേ നമ്മൾ നിരീക്ഷിച്ചിരുന്നു.

എന്നാൽ ഓർത്തിരിക്കേണ്ട കാര്യങ്ങൾ

മ. കുട്ടികളിലും രോഗാണുവ്യാപനം ഉണ്ടാവാനും, അവർ മുഖേന മറ്റുള്ളവരിലേക്ക് പടർത്താനുമുള്ള സാധ്യത കുറവല്ല.

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് കുട്ടികളിൽ രോഗാണുക്കളുടെ എണ്ണം കൂടുതലാവാം എന്നാണു. അങ്ങനെ എങ്കിൽ പകർത്താനുള്ള സാധ്യത കൂടുതലാവാനും ഇടയുണ്ട്.

. ആരോഗ്യ പ്രശ്നങ്ങൾ ?

മരണനിരക്കും ഗുരുതരാവസ്ഥയും കുറവാണെന്ന പ്രത്യക്ഷ നിരീക്ഷണം ഉണ്ടായിരിക്കെത്തന്നെ, ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാകാവുന്ന രോഗാവസ്ഥകൾ മറ്റൊരു സമസ്യ ആണെന്നും അതിനു സാധ്യതകൾ ഉണ്ടെന്നും പഠനങ്ങൾ വന്നിട്ടുണ്ട്.

ദീർഘകാലാടിസ്ഥാനത്തിൽ ചില നിസ്സാരമല്ലാത്ത രോഗാവസ്ഥകൾ ചെറിയ ശതമാനം കുട്ടികൾക്ക് ഉണ്ടാവാം എന്നതാണ് പ്രാഥമികമെങ്കിലും പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കൂടാതെ കാവാസാക്കി രോഗം പോലുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന രോഗാവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ വന്നിട്ടുണ്ട്.

അത് കൊണ്ട് രോഗപ്പകർച്ച ഉണ്ടാവാതെ കുട്ടികളെയും പരമാവധി സുരക്ഷിതരായി സൂക്ഷിക്കുന്നതിന് പ്രാധാന്യം ഉണ്ടെന്നു വേണം കരുതാൻ.

5 . കർശനമായ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് സ്‌കൂൾ തുറന്നു കൂടെ?

കോവിഡ് പീക്ക് ഒക്കെ തരണം ചെയ്ത പല രാജ്യങ്ങളും, നിലവിലെ പൊതുജനാരോഗ്യ പ്രതിസന്ധി കുറഞ്ഞിട്ടു പോലും കർശന നിയന്ത്രണത്തോടെ ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത് എന്ന് ശ്രദ്ധിക്കണം.

അവിടൊക്കെയുള്ള വലിയ ഒരു പോസിറ്റിവ് ഘടകം, ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ / നിയമങ്ങൾ ഒക്കെ കർശനമായി പാലിക്കുന്ന പൗരബോധമുള്ള സമൂഹം, ജനസാന്ദ്രത വളരെ കുറവ്, മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ എന്നിവ ആണ്.

എന്നാൽ ഈ ഘടകങ്ങൾ എല്ലാം നമ്മളെ സംബന്ധിച്ചിടത്തോളം വിരുദ്ധ ധ്രുവത്തിലാണ്.

. രോഗവ്യാപനത്തിൽ/ മരണസംഖ്യയിൽ ബ്രസീലിനെയും കടത്തിവെട്ടി മുന്നേറി രണ്ടാം സ്ഥാനത്തു ഉയർന്നു ഓരോ ദിവസവും പുതിയ റെക്കോർഡ് സൃഷ്ടിക്കുകയാണ് ഇന്ത്യ.

. നിയമങ്ങൾ / വ്യവസ്ഥകൾ ഒക്കെ കർശനമായി പാലിക്കാനും, അത് പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനുമുള്ള സംവിധാനങ്ങൾ നമ്മളെ സംബന്ധിടത്തോളം ദുർബലമാണ്. ഒന്നുകിൽ ആശാന്റെ നെഞ്ചത്തു അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നതാണ് പൊതുവിലെ സ്ഥിതി.

. ശാരീരിക അകലം പാലിക്കൽ, അടുത്തു ഇടപഴകൽ ഒഴിവാക്കൽ, അടഞ്ഞ ഇടങ്ങൾ ഒഴിവാക്കി വായൂ സഞ്ചാരം ഉറപ്പാക്കൽ, മാസ്‌കിന്റെ ശരിയായത് ഉപയോഗം എന്നിവ സ്‌കൂൾ വാഹനങ്ങളിൽ/ ക്ലാസ്സുമുറികൾ/ സ്റ്റാഫ് റൂമുകളിൽ/ ഭക്ഷണ ശാലകൾ / പൊതു ശുചി മുറികളിൽ എന്നിവിടങ്ങളിൽ നിഷ്‌കർഷയോടെ പാലിക്കൽ ഒട്ടും എളുപ്പമാവില്ല. ദീർഘ സമയം അധ്യാപകർ ഉച്ചത്തിൽ ഒരു മുറിയിൽ നിന്ന് സംസാരിക്കുന്നതു പോലും രോഗവ്യാപന സാധ്യത ഏറെ കൂട്ടുന്നതാണ്.

കേരളം ഉറപ്പായും ഇനിയും കാക്കേണ്ടതുണ്ട്, ആലോചനകൾ നടക്കട്ടെ പക്ഷെ സ്‌കൂൾ തുറക്കൽ മുഖ്യമന്ത്രി പറഞ്ഞത് പോലെ ജനുവരി ഒക്കെ കഴിഞ്ഞാവുന്നതാവും ഉചിതം എന്നാണു വിനീതമായ അഭിപ്രായം.

ഒടുവിലായി,
വീണ്ടും ഹേർഡ് ഇമ്മ്യൂണിറ്റിയെപ്പറ്റി.

രോഗം വന്നു പോവുന്നതാണ് നല്ലത്, അങ്ങനെ വന്നു പോയാൽ ഹെർഡ് ഇമ്മ്യൂണിറ്റി വരും വരും….അങ്ങനെ ആയാൽ സ്‌കൂളും ബിസിനസ്സും ഒക്കെ തുറന്നു പെട്ടന്ന് കൊളാറ്ററൽ ക്ഷതങ്ങൾ പരിഹരിക്കാം എന്നൊരു ചിന്താധാര ഇവിടെ മുൻപ് പ്രബലമായിരുന്നു.

എന്നാൽ വാക്സിൻ ഇല്ലാതെ ഹെർഡ് ഇമ്മ്യൂണിറ്റി ഇപ്പോളും ഒരു മിഥ്യയോ മരീചികയോ ഒക്കെ മാത്രമാണ് എന്നാണു ലോകം എമ്ബാടുമുള്ള സംഭവഗതികളിൽ നിന്ന് മനസ്സിലാക്കാവുന്നത്.

ഹേർഡ് ഇമ്മ്യൂണിറ്റി കൈവരിക്കൽ ഫലപ്രദമായ ഒരു മറു മാർഗ്ഗം ആയിരുന്നെങ്കിൽ അത് സ്വാഭാവികമായി സംഭവിക്കേണ്ടിയിരുന്ന രാജ്യങ്ങൾ രോഗത്തെക്കുറിച്ച് നാം കൃത്യമായി അറിവ് നേടുന്നതിന് മുൻപ് ആദ്യ കാലത്ത് രോഗം കൊടുങ്കാറ്റായി അടിച്ച് വീശിപ്പോയ രാജ്യങ്ങളിലായിരുന്നേനെ , ശരിയല്ലേ ?

എന്നാൽ 9 മാസങ്ങൾക്ക് ശേഷം ആ രാജ്യങ്ങളിലെ ഇന്നത്തെ സ്ഥിതി നോക്കൂ.
ഇറ്റലി, സ്പെയിൻ, ടർക്കി എന്നിവിടങ്ങളിൽ രണ്ടാം തരംഗം എന്ന് പറയാവുന്നത് പോലെ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു.

എന്തിനു നമ്മുടെ ഡൽഹിയിൽ വരെ കേസുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്.

യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, യു കെ , ജർമ്മനി, ഗ്രീസ്, പോർച്ചുഗൽ, നെതർലൻഡ്സ് എന്നിവിടങ്ങളിലൊക്കെ മാസങ്ങൾക്ക് ശേഷം പുതിയ വലിയ വർദ്ധന ഉണ്ടാവുന്നത് സൂചിപ്പിക്കുന്നത്, ഇമ്മ്യൂണിറ്റി വന്നു രോഗ വ്യാപനം തീരെ ഇല്ലാതായതല്ല, ഇടപഴലുകൾ വീണ്ടും കൂടുമ്‌ബോൾ രോഗവ്യാപനത്തോത് വീണ്ടും കൂടും എന്നതാണ്.

അതായത് സ്‌കൂളുകൾ തുറന്നാൽ രോഗവ്യാപനവും അതിന്മൂലമുള്ള പൊതുജനാരോഗ്യ പ്രതിസന്ധിയും കടുക്കും എന്ന് തന്നെ ഉറപ്പിക്കാം. ഘട്ടം ഘട്ടമായി തുറക്കുമ്‌ബോൾ ആദ്യം പ്രഫഷണൽ കോളേജുകൾ, ഡിഗ്രി തൊട്ടുള്ള ഉന്നത വിദ്യാഭാസം ചെയ്യുന്നവർ പിന്നീട് മുതിർന്ന കുട്ടികൾ ആ രീതിയിൽ ആവാം എന്ന് തോന്നുന്നു.