play-sharp-fill
പണിമുടക്കിൽ പണികിട്ടി ജനം: കെ.എസ്.ആർ.ടി.സിയും ഓടുന്നില്ല; യാത്രാ മാർഗ്ഗമില്ലാതെ സാധാരണക്കാർ വലഞ്ഞു

പണിമുടക്കിൽ പണികിട്ടി ജനം: കെ.എസ്.ആർ.ടി.സിയും ഓടുന്നില്ല; യാത്രാ മാർഗ്ഗമില്ലാതെ സാധാരണക്കാർ വലഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നിർദ്ദിഷ്ട മോട്ടോർ വാഹന നിയമ ഭേദഗതി നിയമം പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പണിമുടക്ക് ആരംഭിച്ചു.കെ.എസ്.ആർ.ടി.സിയും പണിമുടക്കിയതോടെ യാത്രാമാർഗ്ഗമില്ലാതെ സാധാരണക്കാർ വലഞ്ഞിരിക്കുകയാണ്. ഓട്ടോ, ടാക്സി, ചരക്കു വാഹനങ്ങൾ, സ്വകാര്യ ബസ് തുടങ്ങിയ വാഹനങ്ങളും പണിമുടക്കിൽ പങ്കാളികളായി. മോട്ടോർ വാഹന ഭേദഗതി ബില്ല് പാസായാൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ പൂർണമായും തകരുമെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. അതേസമയം എംഡി ടോമിൻ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളിൽ പ്രതിഷേധിച്ചാണ് കെഎസ്ആർടിസിയിൽ തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്കാണ് ആരംഭിച്ചത്. അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യമർപ്പിച്ച് ഡ്രൈവിംഗ് സ്‌കൂൾ, ഓട്ടോമൊബൈൽ വർക് ഷോപ്പുകൾ, വാഹനഷോറൂമുകൾ, പഴയ വാഹനങ്ങളുടെ വില്പന കേന്ദ്രങ്ങൾ, ഓട്ടോ കൺസൾട്ടൻസി കേന്ദ്രങ്ങൾ സ്പെയർപാർട്സ് വിപണനശാലകൾ എന്നിവയും ഇന്നു തുറന്നു പ്രവർത്തിക്കില്ല. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി., കെ.എസ്.ടി.ഡി.യു. തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്.