കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ഓർത്തഡോക്‌സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ഓർത്തഡോക്‌സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഫാ. എബ്രഹാം വർഗീസ്, ഫാ. ജെയ്‌സ് കെ. ജോർജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇരുവരും ഉടൻ പൊലീസിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. അതിനുശേഷം ജാമ്യാപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു. കേസിൽ ഒന്നാം പ്രതിയാണ് എബ്രഹാം വർഗീസ്. ജെയ്‌സ്.കെ ജോർജ് നാലാം പ്രതിയുമാണ്. 1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നതെന്നും 2018 വരെ പരാതിക്കാരി ബലാത്സംഗ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചു. യുവതി നൽകിയ സത്യവാങ്മൂലത്തിലും പീഡിപ്പിച്ചതായി ആരോപണമില്ല. അവരുടെ വാദം കണക്കിൽ എടുത്താൽപോലും പീഡനക്കുറ്റം നില നിൽക്കില്ലെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ നേരത്തേ ഹൈകോടതി തള്ളിയിരുന്നു