കോട്ടയത്തും കനത്ത മഴ: പാലാ തീക്കോയിയിൽ അപകട മേഖലയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു; വൈക്കത്തും കുമരകത്തും അതീവ ജാഗ്രതാ നിർദേശം; പാലാ – കോഴാ റോഡിൽ വെള്ളം കയറി; വീഡിയോ റിപ്പോർട്ട് തേർഡ് ഐ ന്യൂസിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: പ്രളയ ഭീതിയിൽ ജില്ലയിൽ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിന് അടിയിലായി. അതിരമ്പുഴയിൽ യൂണിവേഴ്‌സിറ്റിയ്ക്കു സമീപം റോഡിലേയ്ക്കു മരം വീണു. ജില്ലയിലെ മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഉരുൾപ്പൊട്ടൽ ഭീതിയാണെങ്കിൽ, പടിഞ്ഞാറൻ മേഖലകളിൽ കനത്ത വെള്ളപ്പൊക്ക ഭീതിയാണ് ഉടലെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാലാ അടക്കമുള്ള മലയോര മേഖലയിലാണ് കഴിഞ്ഞ ദിവസം കനത്ത മഴ തുടങ്ങിയത്. ഇതിനു പിന്നാലെ, മുണ്ടക്കയത്ത് അടക്കം ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലയിൽ വെള്ളിയാഴ്ച രാവിലെ മുതൽ അതിശക്തമായ കനത്ത മഴ അനുഭവപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ, ശബരിമല ഉൾവനത്തിൽ ഉരുൾപ്പൊട്ടൽ ഉണ്ടായി.കനത്ത മഴയെ തുടർന്നു പാലായിൽ അതിവേഗത്തിലാണ് ജല നിരപ്പ് ഉയരുന്നത്. അൻപത് സെന്റീമീറ്റർ ഉയരത്തിലാണ് അതിവേഗം ജലനിരപ്പ് ഉയർന്നത്. പാലായിൽ വെള്ളപ്പൊക്ക ഭീഷണിയാണ് ഉയരുന്നത്.
പാലാ – ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ഇടപ്പാടി റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പ്രദേശത്ത് ആകെ വെള്ളപ്പൊക്ക ഭീഷണി ഉയർന്നിരിക്കുകയാണ്. പാലായിലും മീനച്ചിലാറിന്റെ കൈവഴികളിലും എല്ലാം വെള്ളം കയറിയിട്ടുണ്ട്.
അടിവാരം തീക്കോയി മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളെ പൂർണമായും ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മീനച്ചിൽ താലൂക്ക് ഓഫിസിൽ എത്തിയ ജില്ലാ കളക്ടർ എം.അജ്ഞന സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
തീക്കോയി വെള്ളിക്കുളം ഭാഗത്ത് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള ഇൻസിഡെന്റ് ക്വിക്ക് റെസ്‌പോൺസ് ടീം എത്തിയിട്ടുണ്ട്. ഇവിടെ ഇതിനുള്ള നടപടികൾ വകുപ്പ് അധികൃതർ ആരംഭിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ടയ്ക്ക് അടുത്ത് പെരിങ്ങളത്ത് ഉരുൾപ്പൊട്ടലിൽ കൃഷിസ്ഥലങ്ങൾ തകർന്നു തരിപ്പണമായിട്ടുണ്ട്. പലയിടത്തും കർഷകർക്്കു കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. മൂവാറ്റുപുഴ ആറ്റിൽ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ വൈക്കം മേഖലയിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.