
ജനാർദ്ദനൻ
കോട്ടയം: ബ്ലേഡ് മാഫിയ – ചീട്ടുകളി സംഘത്തലവൻ മാലം സുരേഷുമായി അടുപ്പമുണ്ടെന്നു തുറന്നു സമ്മതിച്ച് മുൻ സർക്കാർ ചീഫ് വിപ്പ് കൂടിയായ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. മാലം സുരേഷുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നു കോട്ടയം പ്രസ്ക്ലബിൽ നടന്ന പത്രസമ്മേളനത്തിലാണ് പി.സി ജോർജ് തുറന്നു പറഞ്ഞത്. സുരേഷിനെതിരെ കാപ്പ ചുമത്തുന്നതിനെതിരെ മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.സി ജോർജ് ഇടപെടൽ നടത്തിയത് വിവാദമായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പി.സി ജോർജ് ഇപ്പോൾ മാലം സുരേഷുമായുള്ള അടുപ്പം തുറന്നു പറഞ്ഞിരിക്കുന്നത്.
കോട്ടയം പ്രസ്ക്ലബിൽ നടന്ന പത്രസമ്മേളനത്തിലാണ് പി.സി ജോർജ് തന്റെ നിലപാട് തുറന്നു പറഞ്ഞത്. മണർകാട് ക്രൗൺ ക്ലബിൽ നടന്ന ചീട്ടുകളിയുമായി ബന്ധപ്പെട്ട് നിലവിൽ കേസിൽ പ്രതിയാണ് മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് എന്ന മാലം സുരേഷ്. ഈ കേസിൽ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുക്കാൻ സുരേഷ് ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. വ്യാഴാഴ്ച രാവിലെ സുരേഷിനോടു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കൂടാതെ സാമ്പത്തിക തട്ടിപ്പുകളും, ക്രമക്കേടുകളും ഭൂമി തട്ടിപ്പും ബ്ലേഡ് പണമിടപാട് തട്ടിപ്പും കാപ്പയും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് സുരേഷ്. ഈ സുരേഷിനോടു തനിക്ക് ഏറെ അടുപ്പമുണ്ടെന്നാണ് ഒരു ജനപ്രതിനിധി കൂടിയായ പി.സി ജോർജ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പുകാരനുമായി എം.എൽ.എയ്ക്കു എന്താണ് ബന്ധമെന്ന ചോദ്യത്തിനു പക്ഷേ, ഇദ്ദേഹത്തിനു കൃത്യമായി മറുപടിയും നൽകാൻ സാധിച്ചില്ല.
ഇതിനിടെയാണ് മാലം സുരേഷിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ് എന്ന ചോദ്യം ഉയരുന്നത്. സുരേഷിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ പരിശോധിക്കുന്ന ആർക്കും കാണാനാവുക, എം.ജി യൂണിവേഴ്സിറ്റി എന്ന സ്കൂളിലേയ്ക്കു പോയി എന്ന സന്ദേശമാവും. ഇതിനു ശേഷം എസ്.ബി കോളേജിൽ പഠിക്കാൻ പോയി എന്നതും പ്രൊഫൈലിൽ തന്നെ കാണാം. പത്തും ഗുസ്തിയും മാത്രം സ്വന്തമായുള്ള മാലം സുരേഷ് എങ്ങിനെയാണ് ഈ കോടികൾ ആസ്ഥിയുള്ള സാമ്രാജ്യം കെട്ടിപ്പൊക്കിയത് എന്നു വ്യക്തമാകുന്നതാണ് ഇയാളുടെ ഫെയ്സ്ബുക്കിലെ വ്യാജ വിവരങ്ങൾ.
ആരെയും കൂസാത്ത, ബിഷപ്പിന്റെ കൊച്ചുമകനായ, കള്ളന്മാരുടെ രാജാവായി വിലസുന്ന മാലം സുരേഷ് എന്ന കൊടും ഭീകരൻ അക്ഷരാർത്ഥത്തിൽ 15 വർഷം കൊണ്ടാണ് പടർന്നു പന്തലിച്ചത്. ചതിയും ഭീകരതയും മാത്രമാണ് സുരേഷിന്റെ മുതൽ. വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ, ഡിവൈ.എസ്.പി ഓഫിസിൽ ഹാജരാകാനാണ് സുരേഷിനോടു നിർദേശം ഉള്ളത്. ഇത് അനുസരിച്ച് സുരേഷ് ഹാജരാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നതും. എന്നാൽ, ഇയാൾ എത്താൻ തയ്യാറായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.