
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പരിധികളെല്ലാം ലംഘിച്ച് ആയിരം കൂടി കടന്നതോടെ സംസ്ഥാനത്ത് വീണ്ടും ഒരു ലോക്ക് ഡൗൺ കൂടി വന്നേയ്ക്കും. ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു തവണകൂടി ലോക്ക് ഡൗൺ വേണ്ടി വരുമെന്ന സൂചന നൽകിയിരുന്നു.
മാർച്ച് 24 നാണ് രാജ്യത്ത് ആദ്യഘട്ടം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അന്ന് സംസ്ഥാനത്തിൽ കൊവിഡ് പ്രതിദിന കണക്ക് നൂറിൽ താഴെയായിരുന്നു. ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിൽ എത്തിയപ്പോൾ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ആറായി കുറഞ്ഞിരുന്നു. ആശുപത്രി വിടുന്നവരുടെ എണ്ണവും, രോഗം ഭേദമാകുന്നവരുടെ എണ്ണവും ഓരോ ദിവസവും വർദ്ധിക്കുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെ തുടർച്ചയായി അഞ്ചു ദിവസം രോഗികൾ ഇല്ലാത്ത കേരളമായി മാറുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു പിന്നാലെ പുറത്തു വന്ന വിവരങ്ങൾ കേരളത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്തിനു പുറത്തു നിന്നും ആളുകളും, പ്രവാസികളുടെ എത്തിയതോടെ ആദ്യ ഘട്ടത്തിൽ പതിയെ പതിയെ രോഗികളുടെ എണ്ണം വർദ്ധിച്ചു.
എന്നാൽ, ലോക്ക് അഴിച്ചു തുടങ്ങിയതോടെ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം നാലിരട്ടിയായി വർദ്ധിച്ചു. ഇന്നലെ വന്ന കണക്കുകൾ പ്രകാരം വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരെക്കാൾ കൂടുതലാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. ഈ സാഹചര്യത്തിൽ സംസ്ഥാനം ഇപ്പോൾ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.
പല ജില്ലകളിലും ഇപ്പോൾ ലോക്ക് ഡൗണിനു സമാനമായ സാഹചര്യമാണ്. സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകുന്നതിനും സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നറിയിക്കാനും ജില്ലാ കളക്ടർമാർക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച തന്നെ അടുത്ത ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചേയ്ക്കും എന്നാണ് സൂചന.
സർക്കാർ നിർദേശങ്ങളും, രോഗ പ്രതിരോധ മുൻകരുതലുകളും നാട്ടുകാർ സ്വയം ഏർപ്പെടുത്തിയിരുന്നെങ്കിൽ ഒരു പരിധിവരെ രോഗ വ്യാപനം തടയാൻ സാധിക്കൂമായിരുന്നു. എന്നാൽ, ആളുകൾ ഇതിനു തയ്യാറാകാതിരുന്നതോടെയാണ് ഇപ്പോൾ രോഗം പടർന്നു പിടിക്കാൻ ഇത് ഇടയാക്കിയത്.



