ഇന്ന് ജില്ലയിൽ 11 കണ്ടെയ്ൻമെന്റ് സോണുകൾ; ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; ചങ്ങനാശേരിയിലും പാറത്തോട്ടിലും ജനങ്ങൾ പുറത്തിറങ്ങുന്നതിനും വിലക്ക്; കടകൾ തുറക്കുക ഏഴു മുതൽ രണ്ടു വരെ മാത്രം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ ഏർപ്പെടുത്തി ഉത്തരവായി. കോട്ടയം ജില്ലയിൽ ഇന്നു പുതുതായി 11 കണ്ടെയ്ൻമെന്റ് സോണാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചങ്ങനാശേരി നഗരസഭയിലെ 24, 34 വാർഡുകൾ, വാഴപ്പള്ളി പഞ്ചായത്തിലെ 20 ആം വാർഡ്, പായിപ്പാട് പഞ്ചായത്്തിലെ എട്ട്, ഒൻപത്, പത്ത്, പതിനൊന്ന് വാർഡുകൾ, ഏറ്റുമാനൂർ നഗരസഭയിലെ നാലാം വാർഡ്, തലയാഴം പഞ്ചായത്തിലെ ഒന്നാം വാർഡ്, കോട്ടയം നഗരസഭയിലെ 39 ആം വാർഡ് , തിരുവാർപ്പ് പഞ്ചായത്തിലെ 11 ആം വാർഡ് എന്നിവയാണ് പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗ ബാധ അതിരൂക്ഷമായി തുടരുന്ന ചങ്ങനാശേരി നഗരസഭയിലും, പാറത്തോട് പഞ്ചായത്തിലും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് കൂടാതെ അഞ്ചോ അതിലധികം ആളുകളോ ഇവിടങ്ങളിൽ കൂട്ടം കൂടുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ രാവിലെ ഏഴു മുതൽ ഉച്ച കഴിഞ്ഞു രണ്ടു മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ. രണ്ടു മണി മുതൽ രാത്രി എട്ടു വരെ ഹോട്ടലുകൾക്കു ഭക്ഷണം പാഴ്സലായി നൽകാനും സാധിക്കും.
പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായി വേണം കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ നിശ്ചയിക്കാൻ. നിയന്ത്രിത മേഖലയിലേയ്ക്കു പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും പ്രത്യേക കവാടം ഉണ്ടായിരിക്കേണ്ടതാണ്. ഈ പോയിന്റുകളിൽ വരുന്നവരുടെയും പോകുന്നവരുടെയും പേരും വിശദാംശങ്ങളും രേഖപ്പെടുത്തേണ്ടതാണ്. അവശ്യ വസ്തുക്കളുടെ വിതരണത്തിനു വോളണ്ടിയർമാരെ നിയോഗിക്കേണ്ടതാണ്. ഇതിനായി പ്രത്യേകം പാസുകൾ അനുവദിച്ചു നൽകണം.
ഈ മേഖലകളിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ് , ആരോഗ്യ വകുപ്പ് എന്നിവരുടെ ഫോൺ നമ്പരുകൾ പ്രദർശിപ്പിക്കേണ്ടതാണ്. നിർദേശങ്ങൾ പാലിക്കുന്നതിനു അനൗൺസ്മെന്റുകൾ കൃത്യമായ ഇടവേളകളിൽ നടത്തണം. നിരീക്ഷണം കർശനമാക്കണം. ആശുപത്രികൾക്കു ഈ നിയന്ത്രണങ്ങൾ ബാധകമല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.