play-sharp-fill
കോവിഡ് പ്രതിരോധം: തണ്ണീര്‍മുക്കത്ത് ചൊവ്വാഴ്ച  മുതല്‍ സംയുക്ത പരിശോധന; ആലപ്പുഴയില്‍നിന്നും തിരിച്ചുമുള്ള യാത്രയ്ക്ക് നിയന്ത്രണം

കോവിഡ് പ്രതിരോധം: തണ്ണീര്‍മുക്കത്ത് ചൊവ്വാഴ്ച മുതല്‍ സംയുക്ത പരിശോധന; ആലപ്പുഴയില്‍നിന്നും തിരിച്ചുമുള്ള യാത്രയ്ക്ക് നിയന്ത്രണം

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ച ആലപ്പുഴ ജില്ലയില്‍നിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്‍റെ ഭാഗമായി ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കം ബണ്ട് മേഖലയില്‍ റവന്യൂ, പോലീസ്, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സംഘത്തെ പരിശോധനയ്ക്കായി നിയോഗിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. സംഘം ഇന്നു(ജൂലൈ 14) മുതല്‍ ഇവിടെയുണ്ടാകും.

അനാവശ്യ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇതുവഴി കടന്നു പോകുന്നവരെ പനി പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യും. അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ അന്തര്‍ജില്ലാ യാത്രകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും ആലപ്പുഴയിലും കോട്ടയത്തും ജോലി ചെയ്യുന്നവര്‍ എല്ലാ ദിവസവും യാത്ര ചെയ്യുന്നതിനു പകരം അതത് സ്ഥലങ്ങളില്‍ താമസിക്കണമെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന റവന്യു, പോലീസ്, ആരോഗ്യം, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ ഇളവുണ്ടാകും. ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തു നീക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമായിരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ജില്ലകളിലേക്കും ബോട്ടുകളിലും വള്ളങ്ങളിലും യാത്ര ചെയ്യുന്നതിന് പത്തു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.

കൂടുതല്‍ പ്രാഥമിക പരിചരണ കേന്ദ്രങ്ങള്‍

വരും ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചാല്‍ പുതിയ പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍(സി.എഫ്.എല്‍.ടി.സി) പ്രവേശിപ്പിക്കും. ലക്ഷണങ്ങള്‍ ഇല്ലാത്തവരും ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ ഉള്ളവരുമായ കോവിഡ് രോഗികളെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നത്.
നിലവില്‍ പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്, മുട്ടമ്പലം സര്‍ക്കാര്‍ വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍, തലനാട് കെ.ആര്‍. നാരായണയന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തിക്കുന്നത്.

അടുത്ത ഘട്ടത്തില്‍ കുറിച്ചി നാഷണല്‍ ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ചങ്ങനാശേരി കുരുശുംമൂട് മീഡിയ വില്ലേജ്, കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്‍റര്‍ എന്നിവിടങ്ങളിലാണ് രോഗികളെ പ്രവേശിപ്പിക്കുക.

ആശുപത്രികളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തും

ജില്ലയിലെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രികളിലെയും പ്രധാന സ്വകാര്യ ആശുപത്രികളിലെയും രോഗപ്രതിരോധ മുന്‍കരുതല്‍ ക്രമീകരണങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന് സര്‍ക്കാർ നിര്‍ദേശമനുസരിച്ച് ആരോഗ്യ വകുപ്പ് വരും ദിവസങ്ങളില്‍ പരിശോധന നടത്തും. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഹോമിയോ, ആയുര്‍വേദ നഴ്സുമാര്‍ക്ക് പരിശീലനം

അടിയന്തര സാഹചര്യങ്ങളില്‍ സേവനം പ്രയോജനപ്പെടുത്തുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ, ആയുര്‍വേദ ആശുപത്രികളിലെ നഴ്സുമാര്‍ക്കും ലാബ് ടെക്നിഷ്യന്‍മാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും കോവിഡ് പ്രതിരോധ-ചികിത്സാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കും. ഈ മേഖലകളിലേതുള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ക്കും ഇന്‍റേണികള്‍ക്കും നഴ്സുമാര്‍ക്കും തദ്ദേശഭരണ സ്ഥാപന തലത്തില്‍ കോവിഡ് മാനേജ്മെന്‍റ് പ്രോട്ടോക്കള്‍ സംബന്ധിച്ചും പരിശീലനം ലഭ്യമാക്കും.