സ്വന്തം ലേഖകൻ
ന്യൂഡൽഹി: കളിയിക്കാവിളയിൽ തമിഴ്നാട് പോലീസിലെ സ്പെഷൽ സബ് ഇൻസ്പെക്ടർ വിൽസണെ കൊലപ്പെടുത്തിയ കേസിൽ ഐഎസ് ഭീകരൻ ഉൾപ്പെടെ ആറു പേർക്കെതിരേ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കുറ്റപത്രം സമർപ്പിച്ചു.
അബ്ദുൾ ഷമീം(30), വൈ. തൗഫീഖ്(27), ഖാജാ മൊഹിദീൻ(53), ജാഫർ അലി(26), മെഹ്ബൂബ് പാഷ(48), ഇജാസ് പാഷ(46) എന്നിവർക്കെതിരെയാണു ചെന്നൈയിലെ പ്രത്യേക എൻഐഎ കോടതി മുന്പാകെ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ഖാജ മൊഹിദീൻ തീവ്രസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിലെ അംഗമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ജനുവരി എട്ടിന് കളിയിക്കാവിള മാർക്കറ്റ് റോഡ് ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസനെ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവർ ചേർന്നാണ് വെടിവച്ചു കൊലപ്പെടുത്തിയത്. രാത്രി 9.40 ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വിൽസണിന് നേരെ വെടിയുതിർക്കുകയായിരുന്നു. കേരളാതമിഴ്‌നാട് അതിർത്തിയിലെ മർക്കറ്റ് റോഡ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു വിൽസൺ. 2020 ജനുവരി 15ന് കേസിൽ രണ്ട് പേർ അറസ്റ്റിലായി. ഫെബ്രുവരി ഒന്നിനു എൻഐഎ തമിഴ്നാട് പൊലീസിൽനിന്നു കേസ് ഏറ്റെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് കേസിൽ മറ്റു 4 പേർക്കുമുള്ള പങ്ക് കണ്ടെത്തിയത്.കൊലപാതകത്തിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
ദേശീയ രാഷ്ട്രീയത്തിൽ പോലും ചർച്ചയായ കൊലപാതകം വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തവർക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കസ്റ്റഡിയിൽ ലഭിച്ച മുഖ്യപ്രതികളായ അബ്ദുൾ സമീമിനെയും, തൗഫീഖിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. അതേസമയം കളിയിക്കവിള, നെയ്യാറ്റിൻകര എന്നീ പ്രദേശങ്ങളിൽ നിന്ന് പതിവായി വിദേശയാത്ര നടത്തിയവരെക്കുറിച്ച് അന്വേഷണം തുടങ്ങി.