
തേർഡ് ഐ ബ്യൂറോ
വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വൈക്കം ഉദയനാപുരം ക്ഷേത്രഭൂമിയിലൂടെയുള്ള വഴി കൈയ്യേറി സ്വകാര്യ വ്യക്തി അനധികൃത നിർമ്മാണം നടത്തുന്നതായി പരാതി.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിന്റെ ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയിട്ടും കേസെടുക്കുവാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്താത്ത അവസരം മുതലെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ഷേത്രത്തിന്റെ വടക്കേ ഗോപുര കവാടത്തിലേക്കുള്ള വഴി പൂർണമായും അടച്ചാണ് നിർമ്മാണം നടത്തുന്നത്.
നിർമാണം പുരോഗമിക്കുമ്പോഴും ദേവസ്വം അഡ്മിനിസ്‌ട്രേട്രേറ്റീവ് ഓഫീസർ പോലീസിനു നൽകിയ പരാതിയിൽ നടപടി എടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു .
ഈ വിഷയത്തിൽ അധികൃതർ ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. ക്ഷേത്രഭൂമി കൈയ്യേറി മതിൽ നിർമ്മിച്ചതിനാൽ ക്ഷേത്ര സുരക്ഷയെയും ബാധിക്കുമെന്ന് ആരോപിച്ചു. നടപടി എടുക്കാത്ത പക്ഷം ഭക്തജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നൽകി.
കൈയേറിയ ക്ഷേത്രഭൂമി ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി, വൈസ് പ്രസിഡൻറ് എം.വി.സനൽ, സംഘടനാ സെക്രട്ടറി പി.എസ്.സജു, വൈക്കം താലൂക്ക് പ്രസിഡൻറ് എസ്.അപ്പു, ഉദയനാപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് സി.ജി.വിനയരാജ്, സെക്രട്ടറി എൻ.ഡി.രാജേഷ്,എ.എച്ച്.സനീഷ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.