
ജയിലിനുള്ളിൽ കിടന്ന് സോഷ്യൽ മീഡിയയിലൂടെ ഗുണ്ടാ സംഘത്തലവന്റെ ഭീഷണി: ഗുണ്ടാ സംഘത്തലവൻ അലോട്ടി ഭീഷണിപ്പെടുത്തിയത് മറ്റൊരു ഗുണ്ടാ സംഘത്തലവനായ അരുൺ ഗോപനെ; ഭീഷണിപ്പെടുത്തിയത് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ; അലോട്ടിയുടെ കയ്യിൽ നിന്നും ഫോണും സിമ്മും പിടിച്ചെടുത്തു
ക്രൈം ഡെസ്‌ക്
പാലാ: ജയിലിനുള്ളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ സഹ ഗുണ്ടാ സംഘത്തലവനെ ഭീഷണിപ്പെടുത്തി ഗുണ്ടാ നേതാവ്. പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുണ്ടാ സംഘത്തവൻ അലോട്ടിയെന്ന ജെയിസ് മോൻ ജേക്കബാണ് മറ്റൊരു ഗുണ്ടാ തലവനായ അരുൺ ഗോപനെ ഭീഷണിപ്പെടുത്തിയത്.
ഞാൻ ഇവിടെ തന്നെയുണ്ട്, നീ നിന്റെ എല്ലാരെയുമായിട്ടു വാ .. ഞാൻ ഇവിടെയുണ്ട് .. നിന്നെ പോലെ ചൊറി അല്ല ഞാൻ.. ഇങ്ങനെയാണ് ഗുണ്ടാ സംഘത്തലവൻ അലോട്ടി ഭീഷണി മുഴക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തിയിൽ ആന്ധ്രയിൽ നിന്നും നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന 60 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതി ചേർത്ത് അലോട്ടിയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അലോട്ടി ജയിലിൽ കഴിയുകയാണ്.
കഞ്ചാവ് കടത്തിയ കേസിൽ പൊലീസിന് വിവരം നൽകിയതും, തന്നെ അറസ്റ്റ് ചെയ്യിച്ചതും അരുൺ ഗോപനും സംഘവുമാണ് എന്നാണ് അലോട്ടി പറയുന്നത്. ഇതേ തുടർന്നാണ് സോഷ്യൽ മീഡിയയിലൂടെ അലോട്ടി ഭീഷണി മുഴക്കിയിരിക്കുന്നത്. അരുൺ ഗോപന്റെ ഫെയ്‌സ്ബുക്കിൽ ടാഗ് ചെയ്ത ശേഷമാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.
പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി സോഷ്യൽ മീഡിയ ഉപയോഗിച്ചതും, സോഷ്യൽ മീഡിയയിലൂടെ ഭീഷണി സന്ദേശം മുഴക്കിയതും വിവാദമായി മാറിയിട്ടുണ്ട്. സംഭവത്തിൽ ജയിൽ വകുപ്പിനെതിരെ അന്വേഷണം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്ത വ്യാജ ചാരായക്കേസിലാണ് അലോട്ടിയെ ദിവസങ്ങൾക്കു മുൻപ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇതിനു ശേഷമാണ് കടുത്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
കൊലപാതകം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് അലോട്ടി എന്ന ജെയിസ് മോൻ ജേക്കബ്. രണ്ടു ദിവസത്തോളമായി പാലായിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പാലാ സബ് ജയിലിലേയ്ക്കു മാറ്റിയത്.
രാവിലെ ജയിലിൽ എത്തിച്ചപ്പോൾ ജയിൽ അധികൃതർ് നടത്തിയ പരിശോധനയിൽ അലോട്ടിയുടെ കയ്യിൽ നിന്നും സിം കാർഡും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.