
വിലക്ക് അവസാനിക്കുന്നു…! ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ ; ശ്രീശാന്ത് ക്രിക്കറ്റിൽ മടങ്ങിയെത്തുന്നത് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന്റെ വിലക്ക് നീങ്ങുന്നു. വിലക്ക് നീങ്ങുന്നതോടെ ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
സെപ്തംബറിൽ വിലക്ക് അവസാനിക്കുന്ന താരത്തെ രഞ്ജി ട്രോഫി ഉൾപ്പെടെ ആഭ്യന്തര മത്സരങ്ങൾക്കുള്ള ക്യാമ്പിൽ ഉൾപ്പെടുത്തും. അതേസമയം പേസ്മാൻ ക്ലിയറിംഗ് ശാരീരിക പരിശോധനയെ ആശ്രയിച്ചായിരിക്കും പരിഗണനയെന്ന് കേരള പരിശീലകനും മുൻ ഇന്ത്യൻ ബൗളറുമായ ടിനു യോഹന്നാൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒത്തുകളി വിവാദത്തെ തുടർന്ന് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീശാന്ത് പ്രൊഫഷനൽ ക്രിക്കറ്റിൽ മടങ്ങി എത്തുന്നത്. 2013 ഐ പി എൽ സീസണിൽ വാതുവെപ്പ് സംഘങ്ങളുമായി ചേർന്ന് ഒത്തുകളിച്ചെന്നാരോപിച്ച് രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാൻ,അജിത് ചാൻഡില എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതേ തുടർന്ന് ബി.സി.സി ഐ 37കാരനായ താരത്തിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിരുന്നു. എന്നാൽ, തുടർന്ന് നടന്ന അന്വേഷണത്തിൽ തെളിവില്ലാത്തതിനാൽ സുപ്രീം കോടതി വെറുതെ വിടുകയായിരുന്നു. പക്ഷേ, ബി സി സി ഐ വിലക്ക് നീക്കാൻ തയ്യാറായില്ല. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് അജീവനാന്ത വിലക്ക് ഏഴ് വർഷമാക്കി കുറച്ചത്.