
കെ.എസ്.ഇ.ബിയുടെ സൗരോർജ പദ്ധതി: ആദ്യ പുരപ്പുറ സോളാർ നിലയം അതിരമ്പുഴയിൽ; ആരംഭിച്ചത് സംസ്ഥാനത്തെ ആദ്യ നിലയം
സ്വന്തം ലേഖകൻ
കോട്ടയം : സൗര പദ്ധതിയുടെ ഭാഗമായ ആദ്യ പുരപ്പുറ സോളാർ നിലയം കോട്ടയം അതിരമ്പുഴ സെക്ഷനു കീഴിൽ പ്രവർത്തിച്ചു തുടങ്ങി. ലളിതമായ ചടങ്ങിൽ ഏറ്റുമാനൂർ എം.എൽ.എ സുരേഷ് കുറുപ്പാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
കെ.എസ്.ഇ.ബി പൂർണ്ണമായും മുതൽ മുടക്കുന്ന മോഡൽ 2 ൽ ഉൾപ്പെട്ട 20 കിലോവാട്ട് ശേഷിയുള്ള പ്ലാൻ്റ് അതിരമ്പുഴയിലുള്ള കാരിസ് ഭവൻ്റെ പുരപ്പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതൽ മുടക്കില്ലാതെ കുറഞ്ഞ താരിഫിൽ 25 വർഷത്തേക്ക് സോളാർ വൈദ്യുതി ലഭിക്കുമെന്നതാണ് മോഡൽ 2 തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഗുണം. റ്റാറ്റാ പവർ സോളാറാണ് നിലയത്തിൻ്റെ കരാർ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയത്.
ആദ്യ ഘട്ടമായി, വരുന്ന ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പതിനായിരത്തിലധികം പുരപ്പുറങ്ങളിൽ സോളാർ നിലയങ്ങൾ സ്ഥാപിച്ച് 50 മെഗാവാട്ട് അധിക ഉത്പാദന ശേഷി കൈവരിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്.
ഇതോടൊപ്പം ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമുള്ള (150 മെഗാവാട്ട് ) സബ്സിഡി പ്രോജക്റ്റിൻ്റെ ടെൻ്ററും കെ.എസ്.ഇ.ബി വിളിച്ചിട്ടുണ്ട്. വൈദ്യുതി ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി കെ.എസ്.ഇ.ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന 3 കേരള മോഡലുകളും, 40 % വരെ സബ്സിഡി ലഭിക്കുന്ന മോഡലും ഉൾപ്പെടുത്തി നടപ്പാക്കുന്ന ഈ സബ്സിഡി പ്രോജക്റ്റിലേക്കുള്ള ഉപഭോക്താക്കളുടെ രജിസ്ട്രേഷനും തുടരുകയാണ്.
സബ്സിഡിക്കായുള്ള രജിസ്ട്രേഷൻ ലിങ്ക് –
https://wss.kseb.in/selfservices/sbp