കെവിനു പിന്നാലെ വീണ്ടും ദുരഭിമാന വധശ്രമം: സഹോദരിയുമായി പ്രണയം: എറണാകുളത്ത് യുവാവിനെ സഹോദരൻ വടിവാളിനു വെട്ടി; വെട്ടിയത് നടുറോഡിൽ നാട്ടുകാർ നോക്കി നിൽക്കെ
തേർഡ് ഐ ബ്യൂറോ
എറണാകുളം: കോട്ടയത്തെ കെവിനു പിന്നാലെ, കേരളത്തിൽ വീണ്ടും ദുരഭിമാന വധശ്രമം. പ്രണയത്തിന്റെ പേരിലുള്ള അരുംകൊലകളും അക്രമങ്ങളും അടിക്കടി നടക്കുന്ന നാടായി കേരളം മാറുന്നു. അടുത്ത കാലത്ത് കേരളത്തിലുണ്ടായ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും പട്ടിക എടുത്തു പരിശോധിച്ചാൽ കേരളത്തിന്റെ പോക്ക് അപകടകരമാണ് എന്നു മനസിലാകും. ഗുരുതരമായ സ്ഥിതിയിലേയ്ക്കാണ് കേരളം ഇപ്പോൾ നീങ്ങുന്നതെന്നാണ് വ്യക്തമാകുന്നത്.
ഏറ്റവും ഒടുവിൽ കൊച്ചിയിലാണ് പ്രണയത്തിന്റെ പേരിൽ അക്രമം നടന്നിരിക്കുന്നത്. സഹോദരിയുമായി പ്രണയത്തിലായ യുവാവിനെ ഗുണ്ടയായ സഹോദരൻ എറണാകുളം മൂവാറ്റുപുഴ നഗരമധ്യത്തിലാണ് വെട്ടിപ്പരിക്കേൽപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണ്ടിരിമല സ്വദേശി അഖിലിനാണ് വെട്ടേറ്റത്. അഖിലിനെ വെട്ടിയ ബേസിലിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ബേസിലിന്റെ സഹോദരിയുമായുള്ള പ്രണയത്തിലുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ അഖിലിന്റെ നില ഗുരുതരമാണ്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അഖിലും ഒരു ബന്ധുവും കൂടി കടയിൽ നിന്ന് ഇറങ്ങിവന്നപ്പോഴാണ് സംഭവം. ബേസിൽ അഖിലിനെ അടുത്തേക്ക് വിളിച്ച് വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൈപ്പത്തിക്കാണ് സാരമായി വെട്ടേറ്റത്.
അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അഖിലിൻറെ കൂടെയുണ്ടായിരുന്ന അരുണിന് ചെറുതായി പരിക്കേറ്റിട്ടുണ്ട്. അഖിലിനെ വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് അരുണിന് പരിക്കേറ്റത്.