അഞ്ജുവിനെ തേടി ആഴങ്ങളിൽ ഇറങ്ങാൻ ഇന്ന് നേവിയെത്തും: കുട്ടിയുടെ ദുരൂഹ തിരോധാനത്തിനു പിന്നിൽ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിന്റെ മാനസിക പീഡനം തന്നെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്നും കിടങ്ങൂർ ചേർപ്പുങ്കൽ കോളേജിൽ പരീക്ഷ എഴുതാൻ എത്തി കാണാതായ അഞ്ജുവിനെ തേടി തിങ്കളാഴ്ച കൊച്ചിയിൽ നിന്നുള്ള നേവി സംഘം എത്തും. ആന്റോ ആന്റണി എം.പിയുടെ ഇടപെടലിനെ തുടർന്നാണ് കൊച്ചിയിൽ നിന്നുള്ള നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം തിരച്ചിലിനായി എത്തുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതലാണ് പെൺകുട്ടിയെ കാണാതായത്.

കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയെയാണ് (20) ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ കാണാതായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബികോം വിദ്യാർത്ഥിനിയായ പെൺകുട്ടി ശനിയാഴ്ച പരീക്ഷ എഴുതുന്നതിനു വേണ്ടിയാണ് കിടങ്ങൂർ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടിയെ കാണാതായത് എന്നാണ് ലഭിക്കുന്ന വ്യക്തമായ സൂചന. പരീക്ഷ എഴുതുകയായിരുന്ന കുട്ടിയുടെ ചോദ്യക്കടലാസിൽ എന്തോ വാചകങ്ങൾ കുത്തിക്കുറിച്ചിരുന്നു. ഇത് കോപ്പിയടിച്ചതാണ് എന്നു വ്യാഖ്യാനിച്ചാണ് കോളേജ് അധികൃതർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചത്.
മുൻപ് എഴുതിയിരുന്ന പരീക്ഷകൾ അടക്കം റദ്ദ് ചെയ്യുമെന്നും, ഡീബാർ ചെയ്യുമെന്നുമായിരുന്നു അധികൃതരുടെ ഭീഷണി. ഇതേ തുടർന്നാണ് പെൺകുട്ടി അസ്വസ്ഥയായതും , മാനസികമായി തളർന്നതുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ഞായറാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് ആറ്റിൽ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ, കൃത്യമായ വിവരങ്ങൾ ലഭിക്കാതെ വന്നതോടെ വൈകുന്നേരത്തോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ആന്റോ ആന്റണി എംപിയുടെ ഇടപെടലിനെ തുടർന്നാണ് തിരച്ചിലിനായി തിങ്കളാഴ്ച രാവിലെ തന്നെ നേവിയുടെ സംഘം എത്തുന്നത്.