മദ്യലഹരിയിൽ കാറുമായി റോഡിൽ സർക്കസ് നടത്തിയ സിഐയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ: മദ്യപിച്ച് കാറോടിച്ച് ഓട്ടോറിക്ഷയിൽ ഇടിക്കുകയും, പൊലീസിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത കറുകച്ചാൽ സിഐ തെറിച്ചത് പത്താം ദിവസം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മദ്യലഹരിയിൽ കാറുമായി പാഞ്ഞ് ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തുകയും, തടയാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിക്കുകയും ചെയ്ത കേസിൽ കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്കു സസ്‌പെൻഷൻ. സംഭവം നടന്ന് പത്തു ദിവസങ്ങൾക്കു ശേഷമാണ് കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.സലിമിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നത്. പൊലീസുകാരെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് അടക്കം ചുമത്തിയ സലിം ഇപ്പോൾ ഒളിവിൽ കഴിയുകയാണ്.

മദ്യലഹരിയിൽ വാഹനം ഓടിക്കുകയായിരുന്ന അബ്ദുൾ റഷീദിനൊപ്പം സഞ്ചരിക്കുകയും, അപകടം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സലിമിനെ സസ്‌പെന്റ് ചെയ്യുന്നതെന്നു സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. സീനിയർ പൊലീസ് ഓഫിസറായ സലിം, മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയേണ്ടിയിരുന്നു. എന്നാൽ, ഇതിനു തയ്യാറാകാതിരുന്ന ഇദ്ദേഹം വാഹനം അമിത വേഗത്തിലും മദ്യലഹരിയിലും ഓടിക്കുന്ന ആൾക്കൊപ്പം കൂട്ടിരിക്കുകയായിരുന്നു. ഇത് ഗുരുതരമായ കൃത്യവിലോപവും ക്രിമിനൽക്കുറ്റവുമാണ് എന്നു കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ, ചാത്തന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ അപകടം ഉണ്ടായപ്പോൾ വാഹനം നിർത്താനോ, പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനോ സലിം തയ്യാറായില്ല. പകരം, വാഹനം അമിത വേഗത്തിൽ ഓടിച്ചു പോകുകയാണ് ചെയ്തത്. ഉത്തരവാദിത്വം ഉള്ള പൊലീസ് ഓഫിസർ എന്ന നിലയിൽ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയും, അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വവും സലിം കാണിക്കേണ്ടിയിരുന്നതായും അന്വേഷണ റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്‌പെൻഷൻ നടപടികൾ എടുത്തിരിക്കുന്നത്.

കൊട്ടിയം ജംഗ്ഷനിൽ വച്ച് കൺട്രോൾ റൂം വാഹനത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസുമായി സഹകരിക്കുന്നതിനു പകരം പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും, പ്രശ്‌നം സൃഷ്ടിക്കാനും, അവരെ അസഭ്യം പറയുകയും,കൈയ്യേറ്റം ചെയ്യുകയുമാണ് സലിം ചെയ്തത്. പ്രശ്‌നം കൂടുതൽ ഗുരുതരമാക്കുകയായിരുന്നു സലിം ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് സലിമിനെതിരെ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.

ഏപ്രിൽ 26 ന് രാത്രിയിൽ കൊല്ലത്ത് ദേശീയപാതയിൽ ചാത്തന്നൂർ പൊലീസ് സ്‌റ്റേഷനു മുന്നിലായിരുന്നു സംഭവം. ദേശീയ പാതയിലൂടെ കാറിൽ വരികയായിരുന്നു കെ.സലിമും സുഹൃത്തുക്കളും. കാറിനുള്ളിലിരുന്ന് മദ്യപിച്ച് അമിത വേഗത്തിലാണ് ഇവർ വാഹനം ഓടിച്ചിരുന്നത്.

അമിത വേഗത്തിൽ എത്തിയ കാർ ചാത്തന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിയുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, മദ്യലഹരിയിലായിരുന്ന സിഐയും സംഘവും കാർ നിർത്താൻ തയ്യാറായില്ല. തുടർന്നു കൺട്രോൾ റൂം പൊലീസ് സംഘം കാറിനെ പിൻതുടർന്നു.

രണ്ടു കിലോമീറ്റർ അകലെ കൊട്ടിയം ജംഗ്ഷനിൽ വച്ച് കൺട്രോൾ റൂം സംഘം കാർ തടഞ്ഞിട്ടു. ഇവിടെ വച്ച് പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്ത സിഐ സലിമും സംഘവും പൊലീസുകാരെ പിടിച്ചു തള്ളുകയും ചെയ്തു. സംഭവം അറിഞ്ഞ് ചാത്തന്നൂർ സിഐ സ്ഥലത്ത് എത്തിയെങ്കിലും ഇദ്ദേഹത്തോടും മോശമായി സംസാരിക്കുകയാണ് സിഐ സലിം ചെയ്തത്.

തുടർന്നു, സംഘത്തിലെ ഒരാൾ ഇവിടെ നിന്നു ഓടിരക്ഷപെട്ടു. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ സലിം കാറും എടുത്ത് സംഭവ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു. തുടർന്നു, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും, മദ്യപിച്ച് വാഹനം ഓടിച്ചതിനും, അപകടമുണ്ടാക്കിയതിനും, അശ്രദ്ധമായി വാഹനം ഓടിച്ചതിനും പൊലീസ് കേസെടുത്തു.

ഇതോടെ കോട്ടയത്തേയ്ക്കു മടങ്ങിപ്പോന്ന സലിം ഇവിടെ ഒളിവിൽ കഴിയുകയാണ്. മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതിനാൽ ഇദ്ദേഹത്തിന്റെ അറസ്റ്റ് അടക്കമുള്ള നടപടികൾ വൈകുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ മൂടിവച്ച സംഭവം പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ് ലൈവാണ്.