പട്ടാപ്പകൽ നാടിനെ ഞെട്ടിച്ച് അതി ക്രൂരമായ കൊലപാതകം: ഭാര്യയെയും ഭർത്താവിനെയും നിർദയം തലയ്ക്കടിച്ച് വീഴ്ത്തി : ഭാര്യ മരിച്ചത് നരകിച്ച്: താഴത്തങ്ങാടിയിൽ ആവർത്തിക്കുന്നത് മറ്റൊരു പാറമ്പുഴ ..?

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: 2015 ൽ പാറമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ നിർദയം കൊലപ്പെടുത്തിയതിന് സമാനമാണ് തിങ്കളാഴ്ച താഴത്തങ്ങാടിയിൽ നടന്ന ക്രൂരമായ കൊലപാതകം. ഭാര്യയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിക്കുകയും മർദിക്കുകയും ചെയ്ത അക്രമി സംഘം മരണം ഉറപ്പാക്കാൻ ഷോക്ക് അടിപ്പിക്കുകയും , ഗ്യാസ് സിലിണ്ടർ തുറന്ന് വിടുകയും ചെയ്തു.

താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) , സാലി (65) എന്നിവരെയാണ് പട്ടാപ്പകൽ വീടിനുള്ളിൽ കയറി സംഘം ആക്രമിച്ചു വീഴ്ത്തിയത്. രണ്ടു പേരുടെയും തലയ്ക്ക് ഗുരുതരമായ പരിക്കാണ് ഏറ്റത്ത്. തലയിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് വീടിനു മുന്നിലെ മുറിയിൽ കിടന്ന ഷീബ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. ഭർത്താവ് സാലി അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണവുമായി മല്ലടിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച നാലരയോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദേശത്തു നിന്നും മകൾ ഷാനി ഫോൺ ചെയ്തപ്പോൾ മാതാപിതാക്കളെ ലഭിച്ചില്ല. തുടർന്ന് ഇവർ അയൽവാസിയായ ബന്ധുവിനെ ഫോണിൽ വിളിക്കുകയായിരുന്നു. തുടർന്ന് , ഇവർ വീടിന് മുന്നിൽ എത്തിയപ്പോൾ ഗ്യാസിന്റെ അതിരൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ഇവർ വിവരം അഗ്‌നി രക്ഷാ സേനയെ യും പൊലീസിനെയും അറിയിച്ചു.

പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്ത് എത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഷീബ മരിച്ചിരുന്നു. സംഭവ സ്ഥലത്ത് എത്തിയ വെസ്റ്റ് സ്‌റ്റേഷനിലെ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ പാത്രത്തിൽ മുട്ടപുഴുങ്ങാൻ വച്ചിരുന്നത് കണ്ടെത്തിയത്. പാത്രത്തിലെ വെള്ളം വറ്റുക മാത്രമാണ് ചെയ്തിരുന്നത്. ഇതിനു സമീപത്ത് ചപ്പാത്തി പരത്തി വച്ചിരുന്നു. ഒരു ചപ്പാത്തി പരത്തി വയ്ക്കുകയും, മറ്റൊന്ന് ചുടാനായി കല്ലിൽ വയ്ക്കുകയും ചെയ്തിരുന്നു. മുട്ട പുഴുങ്ങാൻ വച്ചിരുന്ന അടുപ്പ് കത്തി നിൽക്കുകയായിരുന്നു. ഇത് ഓഫ് ചെയ്തത് പൊലീസ് ഉദ്യോഗസ്ഥനാണ്.

മറ്റൊരു ഗ്യാസ് സിലിണ്ടറാണ് വീടിന്റെ സ്വീകരണ മുറിയിൽ എത്തിച്ച് അഴിച്ചു വിട്ടിരുന്നത്. സ്വീകരണ മുറിയിലെ ഫാനിന്റെ ലീഫ് ചളുങ്ങിയ നിലയിലായിരുന്നു. ഇത് കൂടാതെ മുറിയിലെ ടീപ്പോ ഒടിഞ്ഞു കിടന്നിരുന്നു. ഇരുവരുടെയും മൃതദേഹം കണ്ടെത്തിയ മുറിയിൽ രക്തം തളം കെട്ടി നിന്നിരുന്നു. സെറ്റി ആകെ അലങ്കോലമായിരുന്നു.

മുറിയിൽ കയറിയ അക്രമി സംഘം അലമാര ഇളക്കി മറിച്ചു അന്വേഷണം നടത്തിയിരുന്നു. അലമാരയിലെ സാധനങ്ങൾ എല്ലാം വലിച്ചു വാരി ഇട്ടനിലയിലായിരുന്നു. അതുകൊണ്ടു തന്നെ മോഷണത്തിനുള്ള സാധ്യത പൊലീസ് പൂർണമായും തള്ളിക്കളയുന്നുമില്ല. മോഷണം തന്നെയാവാം എന്ന നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

2015 ൽ പാറമ്പുഴയിൽ സമാന രീതിയിലാണ് ഒരു കുടുംബത്തിലെ മൂന്നു പേരെ അക്രമി തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയത്.