കൊറോണക്കാലത്തും നഴ്‌സുമാർക്ക് ആശുപത്രിയ്ക്കുള്ളിൽ നേരിടേണ്ടി വരുന്നത് കൊടിയ പീഡനം: ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാരൻ ക്രൂരമായി ആക്രമിച്ചു; കൈപിടിച്ചു തിരിച്ച് മാറിൽ പിടിച്ച് അമർത്തി; ക്രൂരപീഡനം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: നക്കാപ്പിച്ചാ ശമ്പളത്തിന് ജോലി ചെയ്യുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ദുരിത പർവത്തിന് അറുതിയില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സിനാണ് കൊറോണക്കാലത്തും പീഡനം നേരിടേണ്ടി വന്നിരിക്കുന്നത്. ഐസിയുവിനു മുന്നിൽ ജോലി ചെയ്യുകയായിരുന്ന നഴ്‌സിനെ ഒരു യുവാവ് ആക്രമിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിക്കുകയും ചെയ്യുകയായിരുന്നു.
സംഭവം നടന്നു ഒരാഴ്ചയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ എലത്തൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്യാതെ കള്ളക്കളി നടത്തുന്നത്. അഞ്ച് ദിവസം മുൻപ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ല. ആശുപത്രി ഐസിയുവിൽ കയറി നഴ്സിന് നേരെ ലൈംഗിക അതിക്രമം നടത്തി മുങ്ങിയിട്ട് ഉന്നത സ്വാധീനം മറയാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് പ്രതി നടത്തുന്നത് എന്നാണു ആക്ഷേപം ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് മൈത്രി ആശുപത്രി ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനു നേരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രോഗിയുടെ കൂട്ടിരുപ്പുകാരൻ ലൈംഗിക അതിക്രമം നടത്തിയത്. രണ്ടു വനിതകളെയും കൂട്ടി ഐസിയുവിലുള്ള രോഗിയെ കാണാനായി നേരെ യുവാവ് ഐസിയുവിലെക്ക് കയറാൻ ശ്രമം നടത്തിയപ്പോൾ അവർ തടഞ്ഞു ഡോക്ടറുടെ അനുമതി വേണം എന്നാണ് ഡ്യൂട്ടി നഴ്സ് അവരോടു പറഞ്ഞത്.
അനുമതി താൻ വാങ്ങാമെന്നും അതുവരെ പുറത്ത് നിൽക്കണമെന്നു പറഞ്ഞപ്പോൾ ക്ഷുഭിതനായ യുവാവ് വനിതാ നഴ്സിന്റെ കൈപിടിച്ച് തിരിച്ച് അനക്കാൻ കഴിയാതെ ഭിത്തിയുടെ നേരെ ചേർത്ത് നിർത്തുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന വനിതകൾ നോക്കി നിൽക്കെ യുവതിയുടെ മാറിൽ പിടിച്ച് അസഭ്യവർഷം നടത്തുകയായിരുന്നു. നിന്റെ ഉമ്മാന്റെ…. എന്ന് തുടങ്ങി കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തിയ യുവാവ് വനിതാ നഴ്സിന് പിടിച്ച് നിലത്തേക്ക് തള്ളി ഒപ്പമുള്ള യുവതികളെയും കൂട്ടി ഐസിയുവിനു അകത്തേക്ക് കടക്കുകയായിരുന്നു.
യുവാവിന്റെ അതിക്രമത്തിൽ യുവതിക്ക് കൈക്ക് പരുക്കേറ്റിരുന്നു. കയ്യിലും മാറിലും വേദനയനുഭവപ്പെട്ടതിനെ തുടർന്ന് യുവതി അതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടുകയായിരുന്നു. എക്സ്റെ എടുത്തപ്പോൾ കൈക്ക് ചതവ് പറ്റിയതായി കണ്ടു. അതിനുള്ള ചികിത്സ നടത്തി. സംഭവം നടന്നപ്പോൾ ആശുപത്രി അധികൃതർ വിളിച്ച് അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയിരുന്നു. എലത്തൂർ പൊലീസ് അപ്പോൾ തന്നെ പ്രതിയെ ചോദ്യം ചെയ്തെങ്കിലും വിട്ടയക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്നും മൊഴി രേഖപ്പെടുത്താൻ എത്തിയത് പുരുഷ പൊലീസായിരുന്നു. യുവാവ് നടത്തിയ കേട്ടാൽ അറയ്ക്കുന്ന അസംഭ്യവർഷം അവർ നഴ്സിനെക്കൊണ്ട് പറയിപ്പിച്ചു. പക്ഷെ വനിതാ പൊലീസ് തന്നെ മൊഴിയെടുക്കണം എന്ന് യുവതി നിർബന്ധം പിടിച്ചപ്പോൾ എലത്തൂർ സ്റ്റേഷനിൽ വന്നു മൊഴി നല്കാൻ പറയുകയായിരുന്നു.
പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോഴും യുവാവിന്റെ പേര് പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല. രോഗിയുടെ പേര് ചേർത്ത് ബൈസ്റ്റാൻഡർ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യം പൊലീസ് യുവാവിനെ ചോദ്യം ചെയ്തപ്പോൾ പേര് ചോദിച്ചപ്പോൾ സലിം എന്നാണ് യുവാവ് പറഞ്ഞത്-യുവതിയുടെ ബന്ധുക്കൾ പറയുന്നു.
സംഭവത്തിനു ശേഷം വലിയ വലിയ സമ്മർദ്ദമാണ് നേരിടേണ്ടി വരുന്നത്. നാലുപാടു നിന്നും ഭീഷണികളാണ്. ആശുപത്രി അധികൃതരുടെ മേലും സമ്മർദ്ദമുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത് എന്നാണ് യുവതി പറയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് യുവതി പരാതി നൽകിയിട്ടുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ പ്രതിക്ക് തുണയായിട്ടുണ്ട് എന്നാണ് പൊലീസ് കമ്മിഷണർക്ക് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
ലൈംഗിക അതിക്രമം നടത്തുകയും കേട്ടാൽ അറയ്ക്കുന്ന തെറിവിളിയുമാണ് നടത്തിയത്. എന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ശക്തമായ നടപടി ഈ പരാതിയുടെ പേരിലുണ്ടാകണം
യുവതിയുടെ പരാതി ഇങ്ങനെ
കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചു മണിക്ക് ആയിരുന്നു ഡ്യൂട്ടി. അപ്പോൾ ആറു മണിയായിട്ടുണ്ടാകും. ഡ്യൂട്ടി നോക്കിയത് ഐസിയുവിലാണ്. ഐസിയുവിലെ രോഗിക്ക് ഒപ്പം കൂട്ടിരുപ്പായി ഐസിയുവിനു പുറത്ത് ഒരു യുവാവ് നിന്നിരുന്നു. യുവാവിനു ഐസിയുവിന്റെ ഉള്ളിൽ കയറണം. ഡോക്ടറുടെ അനുവാദമില്ലാതെ ഐസിയുവിനു അകത്ത് കയറാൻ പാടില്ലെന്ന് ഞാൻ ആ യുവാവിനോട് പറഞ്ഞു. ഡോക്ടറുടെ അനുവാദം വാങ്ങിയ ശേഷം കയറി കാണാം എന്ന് ഞാൻ പറഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു വന്ന യുവാവിനെ തടയാൻ ശ്രമിച്ചപ്പോൾ എന്റെ കൈ പിടിച്ച് പിന്നിലേക്ക് തിരിച്ച് പിടിച്ചു.
എന്നെ ചുമരിലേക്ക് തള്ളി. എനിക്ക് അനങ്ങാൻ കഴിയാത്ത രീതിയിലാക്കി മാറിൽ അമർത്തിപ്പിടിച്ച് അശ്ലീല വർഷമാണ് അയാൾ നടത്തിയത്. ….മോളേ… നിന്റെ…..നിന്നെ ഉമ്മാന്റെ….. കളയും…. എന്ന് അസഭ്യവർഷം നടത്തിയ ശേഷം നിലത്ത് വീണ എന്നെ മറികടന്നു അയാൾ നേരെ ഐസിയുവിലേക്ക് കയറുകയും ചെയ്തു. കൂടെയുള്ള രണ്ടു യുവതികളെയും കൂട്ടിയാണ് സലിം ഐസിയുവിലേക്ക് കയറിയത്. ആശുപത്രിയിലെ മറ്റൊരു വനിതാ സ്റ്റാഫ് വന്നാണ് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചത്. എക്സ് റെ എടുത്തപ്പോൾ കൈക്കുഴയ്ക്ക് ചതവ് പറ്റിയതായി കണ്ടിട്ടുണ്ട്. അതിനാൽ അതിനുള്ള ട്രീറ്റ്മെന്റ് നടത്തി.
എന്റെ കൈ കുഴയ്ക്ക് ഇപ്പോഴും കടുത്ത വേദനയാണ്. ബലമായി മാറിൽ പിടിച്ച് അമർത്തിയതിന്റെ വേദന വേറെയും. എനിക്ക് ആ സംഭവത്തിനു ശേഷം എനിക്ക് ഡ്യൂട്ടിക്ക് കയറാൻ കഴിഞ്ഞിട്ടില്ല. ആശുപത്രി അധികൃതർ സംഭവം നടന്ന എലത്തൂർ പൊലീസ് സ്റ്റേഷനിൽ വിവരം കൈമാറിയിട്ടുണ്ട്. ഞാൻ എലത്തൂർ പൊലീസിലും സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലും പരാതി നൽകിയിട്ടുണ്ട്. പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല. ഞാൻ നൽകിയ പരാതി പിൻവലിക്കാൻ ആശുപത്രി അധികൃതരുടെ മേലും അവർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് ആണിത്. പ്രതിയെ അന്ന് തന്നെ പൊലീസിനു അറസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നു. പ്രതിയെ പൊലീസ് മനഃപൂർവം വിട്ടയക്കുകയായിരുന്നു. എന്നിട്ട് കേസ് എടുത്ത് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തിട്ടില്ല.
എലത്തൂർ പൊലീസ് സ്റ്റേഷനിൽ നിന്നും സലീമിനെതിരെ പരാതി നൽകാൻ പോയപ്പോൾ തീർത്തും മോശമായ അനുഭവമാണ് ഉണ്ടായത്. സ്ത്രീ എന്ന നിലയിൽ എനിക്ക് നേരെ നടന്ന ശാരീരിക അതിക്രമത്തിന്റെ പേരിൽ പരാതി നൽകാൻ പോയപ്പോൾ വനിതാ പൊലീസിനെ വിളിച്ച് മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. പുരുഷ പൊലീസുകാരാണ് എന്റെ മൊഴി എടുത്തത്. സലിം എന്നോടു പറഞ്ഞ …. മോളെ… അമ്മേടെ….ഞാൻ തീർത്ത് തരും എന്നുള്ള വാക്കുകൾ എനിക്ക് അവരോടു പറയാൻ ബുദ്ധിമുട്ടുണ്ടായി. ഇത്തരം വാക്കുകൾ എന്റെ വായിൽ നിന്ന് കേൾക്കണം എന്ന രീതിയിലാണ് പൊലീസുകാർ നിർബന്ധം പിടിച്ചു. പച്ചയായി തന്നെ അവർ എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചു. വനിതാ പൊലീസ് മൊഴി എടുക്കുന്ന വിധത്തിൽ അവർ എടുത്തോളാം എന്ന വിചിത്രമായ വാക്കുകളാണ് അവർ പിന്നീട് പറഞ്ഞത്.
പക്ഷെ വനിതാ പൊലീസ് തന്നെ വേണം എന്ന് പറഞ്ഞപ്പോൾ നാളെ സ്റ്റേഷനിൽ എത്തി മൊഴി നൽകാൻ പറഞ്ഞു. പിന്നീട് വനിതാ പൊലീസിനു തന്നെ മൊഴി നൽകി. ഇപ്പോൾ എനിക്ക് നേരെ ഭീഷണിയും വന്നിട്ടുണ്ട്. ഞാൻ നടന്നുപോകുമ്‌ബോൾ ബൈക്കിൽ വന്ന ഒരാൾ പറഞ്ഞു. ഈ കേസ് പിൻവലിച്ചില്ലെങ്കിൽ നിനക്ക് ആപത്താണ് എന്നാണ് അയാൾ പറഞ്ഞത്. നാല് പാട് നിന്നും ഈ രീതിയിലുള്ള ഭീഷണിയും സമ്മർദ്ദവുമാണ് എനിക്ക് നേരെ വരുന്നത്.
എന്റെ സുഹൃത്തിന്റെ ഫോണിലേക്ക് പിന്നെ ഒരു ഫോൺ കോൾ വന്നു. അത് തീർത്തും നമ്ബർ തെറ്റി വന്ന കോൾ ആയിരുന്നു. പൊലീസിലും പ്രോസിക്യൂഷനിലും ഒക്കെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഒന്നും പേടിക്കേണ്ട എന്നാണ് പറഞ്ഞത്. സലീമിന്റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ നിന്നോ മറ്റോ ഞങ്ങളുടെ നമ്ബർ വാങ്ങിയിരുന്നു. ഈ നമ്ബർ അവർ തെറ്റി വിളിച്ചതാണ്. ഈ ഫോൺ സംഭാഷണം സൂചിപ്പിക്കുന്നതുപോലെ പ്രതിയുടെ അറസ്റ്റ് അവർ വൈകിപ്പിക്കുകയാണ്-നഴ്സ് പറയുന്നു.