play-sharp-fill
ഈരാറ്റുപേട്ടയിൽ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം സംസ്‌കരിച്ചു: നാടിന്റെ തേങ്ങലായി മാറി അനന്തു; നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി അനന്തുവിന് നാട് വിട നൽകി

ഈരാറ്റുപേട്ടയിൽ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം സംസ്‌കരിച്ചു: നാടിന്റെ തേങ്ങലായി മാറി അനന്തു; നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി അനന്തുവിന് നാട് വിട നൽകി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരാറ്റുപേട്ടയിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള ഉല്ലാസ യാത്രയ്ക്കിടെ വെള്ളത്തിൽ മുങ്ങിമരിച്ച യുവാവിന് നാട് കണ്ണീരിൽ കുതിർന്ന വിട നൽകി.

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് യുവാവും സുഹൃത്തുക്കളും വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. ഇതേ തുടർന്നു യുവാവിനെ കാണാതാകുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 7.30 ഓടെ കട്ടിക്കയം വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് ഇരാറ്റുപേട്ട ഫയർഫോഴ്‌സും ,ഈരാറ്റുപേട്ട നന്മകൂട്ടത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാന്നാനം നല്ലാങ്കൽ വീട്ടിൽ ഷാജിയുടെ മകൻ അനന്തു ഷാജി (20)യുടെ മൃതദേഹമാണ് വെള്ളച്ചാട്ടത്തിൽ നിന്നും കണ്ടെത്തിയത്. ഈരാറ്റുപേട്ട മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വച്ചാണ് ഇയാളും സുഹൃത്തുക്കളും അപകടത്തിൽപ്പെട്ടത്. നാല് സുഹ്യത്തുക്കളോട് ഒപ്പം കാറിലാണ് ഇവർ കറങ്ങാനായി എത്തിയത്.കുമരകം എസ്.എൻ. കോളേജ് ബി റ്റി റ്റി എം ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

ഒഴുക്കിൽ പെട്ട സംഘത്തിലെ മൂന്ന് പേരെ നാട്ടുകാർ രക്ഷപെടുത്തിയിരുന്നു.എന്നാൽ അനന്തുവിനെ രക്ഷിക്കും മുൻപ് വെള്ളച്ചാട്ടത്തിലേക്ക് മുങ്ങി പോകുകയായിരുന്നു.
പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിന് തൊട്ട് സമീപത്തു തന്നെയാണ് ഈ വെള്ളച്ചാട്ടം സ്തിഥി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ചെറുപ്പക്കാരായ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്.

പ്രധാന റോഡിൽ നിന്നും ദുർഘടമായ പാതയിലൂടെ ഒരു കിലോമീറ്ററിലധികം സഞ്ചരിച്ചു വേണം ഇവിടെ എത്താൻ. മാത്രമല്ല വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങണമെങ്കിൽ 100 അടിയിലധികം താഴ്ചയുള്ള ചെങ്കുത്തായ പാറ കെട്ടുകളിലൂടെ പുൽ പടർപ്പുകൾ നിറഞ്ഞ വഴിയിലൂടെ വേണം ഇവിടെയ്ക്ക് ഇറങ്ങാൻ. അത് കൊണ്ട് തന്നെ സാഹസികതയ്ക്ക് വേണ്ടിയാണ് പലരും ഇവിടെ വരുന്നത്.മുൻപ് പലരും ഇവിടെ മുങ്ങി മരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അപകടമുണ്ടായ ശേഷം വൈകുന്നേരം ആറ് മണി മുതൽ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് കനത്ത മൂടൽ മഞ്ഞ് മൂലം തിരച്ചൽ അവസാനിപ്പിക്കുകയായിരുന്നു. ഫയർഫോഴ്‌സിന്റെ വാഹനങ്ങളും യന്ത്രസാമഗ്രികളും എത്താൻ സാധിക്കാത്ത വിധം ഉള്ളിലേക്ക് കയറിയ പ്രദേശമായതിനാൽ തിരച്ചിൽ കൂടുതൽ ദുഷ്‌ക്കരമാക്കി.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. വൈകുന്നേരം നാലിന് വീട്ടു വളപ്പിർ സംസ്‌കാരം നടത്തി. മാതാവ്: ഷീബ, സഹോദരി: അപർണ.