ആ മൂന്ന് പെൺകുട്ടികൾക്കും കുടുംബത്തിനും ഇനി ചോർന്നൊലിക്കാത്ത വീട്ടിൽ കിടന്നുറങ്ങാം; സ്റ്റീഫനും കുടുംബത്തിനും വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി സർക്കിൾ ഇൻസ്പെക്ടർ പ്രകാശൻ സർവീസിൽ നിന്നും പടിയിറങ്ങി
സ്വന്തം ലേഖകൻ
പടിഞ്ഞാറത്തറ: സ്റ്റീഫനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം. ഇനി മുതൽ ശാരീരിക വൈകല്യമുള്ള മൂന്ന് പെൺകുട്ടികൾക്കും കുടുംബത്തിനും ഇനി ചോർന്നൊലിക്കാത്ത വീട്ടിൽ കഴിയാം.
ഇതോടെ ആത്മസംതൃപ്തിയോടെയാണ് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി. പ്രാകശന് സർവീസിൽ നിന്നും പടിയിറക്കവും. നിരാലംബരായ കുപ്പാടിത്തറയിലെ കരിയാട്ടകുന്ന് സ്റ്റീഫനും കുടുംബത്തിനും ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെയാണ് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ വീട് നിർമിച്ചു നൽകിയത്.
രണ്ട് വർഷങ്ങൾക്ക് മുമ്പ് പൊലീസ് നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെയാണ് നിരാംലബരായ സ്റ്റീഫന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ കുടുംബത്തിന്റെ പ്രയാസങ്ങൾ ബോധ്യമായതിനെത്തുടർന്ന് അന്ന് സബ് ഇൻസ്‌പെക്ടറായിരുന്ന പി. പ്രകാശനും സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും അടച്ചുറപ്പുള്ള വീടെന്ന ഒരേ ലക്ഷ്യവുമായി മുന്നേറുകയായിരുന്നു. പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് വീട് നിർമ്മിച്ച് നൽകിയത്. കൂടാതെ നിരവധി പേർ വിദേശത്ത് നിന്നുൾപ്പടെ പണമായും നിർമാണ വസ്തുക്കളായും സഹായിച്ചതോടെ വീട്ടുപകരണങ്ങളുൾപ്പടെയുള്ളവ ഈ വീട്ടിലേക്ക് നിർമിച്ചുനൽകാനായി.
വീടിന്റെ താക്കോൽ ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ സ്റ്റീഫന്റെ കുടുംബത്തിന് കൈമാറി. താക്കോൽ ദാന ചടങ്ങിൽ ഡി.വൈ.എസ്.പി ജേക്കബ്, പഞ്ചായത് പ്രസിഡന്റ് നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.