
സ്വന്തം ലേഖകൻ
കോട്ടയം. കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ കർഷകരുടെ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിതള്ളാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ധം ചെലുത്തണമെന്ന് യു.പി.എ യോഗത്തിൽ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.
വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടന്നത്. ലോക്ക്ഡൗണിനെത്തുടർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലത്തകർച്ചയാണ് ഇന്ത്യയുടെ കാർഷിക മേഖല നേരിടുന്നത്. കേന്ദ്രസർക്കാരിന്റെ പാക്കേജ് കടക്കെണിയിലായ കർഷകന്റെ മുന്നിൽ കൂടുതൽ കടമെടുക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുക മാത്രമാണ് ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ ഏറ്റവും പാവപ്പെട്ടവരായ ആളുകൾക്ക് നേരിട്ട് പണം നൽകുന്ന നിർദേശങ്ങളൊന്നുമില്ല. സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാത്ത ഇന്ത്യയിലെ മുഴുവൻ കുടുംബങ്ങൾക്കും വരുന്ന മൂന്ന് മാസത്തേക്ക് പ്രതിമാസം പതിനായിരം രൂപയും സൗജന്യ ഭക്ഷ്യധാന്യനും നൽകാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം.
റബർ ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ തനത് വിളകൾക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കാൻ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കണം.
മാധ്യമസ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതിനെത്തുടർന്ന് പതിനായിരകണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമായിരിക്കുകയാണ്. അവരെ സഹായിക്കുന്ന ഒരു നിർദേശവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
കോവിഡ് കാലത്ത് ജീവൻപണയം വെച്ച് വാർത്തകൾ എത്തിക്കുന്ന മാധ്യമപ്രവർത്തകരെ കേന്ദ്രസർക്കാരിന്റെ ഇൻഷുറൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികളുണ്ടാവണം. ഈ നിർദേശങ്ങൾ അടിയന്തിരമായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരണമെന്ന് ജോസ് കെ.മാണി യോഗത്തിൽ ആവശ്യപ്പെട്ടു.