play-sharp-fill
ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; അതിഥി തൊഴിലാളികളുമായി കോട്ടയത്തുനിന്ന് ആദ്യ ട്രെയിന്‍ തിങ്കളാഴ്ച വൈകുന്നേരം ഏഴിന് പുറപ്പെടും

ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; അതിഥി തൊഴിലാളികളുമായി കോട്ടയത്തുനിന്ന് ആദ്യ ട്രെയിന്‍ തിങ്കളാഴ്ച വൈകുന്നേരം ഏഴിന് പുറപ്പെടും

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍നിന്നുള്ള ആദ്യ ട്രെയിനില്‍ അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. ഇന്നു(മെയ് 18) വൈകുന്നേരം ഏഴിന് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പശ്ചിമ ബംഗാളിലെ ന്യൂ കുച്ച് ബിഹാര്‍ സ്റ്റേഷനിലേക്ക് പോകുന്ന ട്രെയിനില്‍ ബംഗാളിലെ മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ്പൂര്‍ ജില്ലകളില്‍നിന്നുള്ള 1464 പേരാണ് മടങ്ങുന്നത്. സൗജന്യമായാണ് ഇവരെ കൊണ്ടുപോകുന്നത്.

റവന്യൂ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്തിട്ടുള്ളവര്‍ക്കു മാത്രമാണ് മടങ്ങാന്‍ അവസരമുള്ളത്. തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പു നല്‍കിയിട്ടുണ്ട്. ഇവരില്‍ 1180 പേര്‍ പായിപ്പാടു നിന്നും ശേഷിക്കുന്നവരില്‍ 150 പേര്‍ കോട്ടയം താലൂക്കില്‍നിന്നും 134 പേര്‍ മീനച്ചില്‍ താലൂക്കില്‍നിന്നുമുള്ളവരാണ്. കോട്ടയം, മീനച്ചില്‍ താലൂക്കുകളില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ തൊഴിലാളികളുടെ കുടുംബാംഗങ്ങളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലുള്ള ബംഗാള്‍ സ്വദേശികളായ 17392 തൊഴിലാളികളില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് സന്നദ്ധതയറിയിച്ച വരെ രജിസ്റ്റര്‍ ചെയ്ത ക്രമത്തിലാണ് മടക്കയാത്രയ്ക്ക് തിരഞ്ഞെടുത്തത്. പായിപ്പാട്ടെ 1400 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയ സാഹചര്യത്തില്‍ ഇരുന്നൂറോളം തൊഴിലാളികള്‍ മടക്കയാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എല്ലാ തൊഴിലാളികള്‍ക്കും വൈദ്യപരിശോധന നടത്തി ആരോഗ്യ വകുപ്പ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

ചങ്ങനാശേരി തഹസില്‍ദാര്‍ ജിനു പുന്നൂസിന്റെ നേതൃത്വത്തില്‍ പായിപ്പാട്ടെ ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികളെ നേരില്‍ കണ്ട് മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 43 ബസുകളിലായാണ് തൊഴിലാളികളെ എത്തിക്കുക. പായിപ്പാടുനിന്ന്-34, കോട്ടയം താലൂക്ക്-അഞ്ച്, മീനച്ചില്‍-നാല് എന്നിങ്ങനെയാണ് ഏര്‍പ്പെടുത്തിയിട്ടുള്ള ബസുകളുടെ എണ്ണം.

പായിപ്പാട് ജംഗ്ഷന്‍, ഉഴവൂര്‍ സെന്റ് സേവ്യേഴ്സ് പള്ളി മൈതാനം, അയര്‍ക്കുന്നം പ്രൈവറ്റ് ബസ് സ്റ്റാന്റ്, കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി മൈതാനം എന്നിവിടങ്ങളില്‍നിന്നാണ് തൊഴിലാളികളെ ബസുകളില്‍ കയറ്റുക. പായിപ്പാട്ടുനിന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ ബസുകള്‍ കോട്ടയത്തേക്ക് എത്തും.

ഓരോ ബസിലും പോകേണ്ടവരുടെ പട്ടിക തയ്യാറാക്കുകയും മേല്‍നോട്ടത്തിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ബസുകളില്‍ തൊഴിലാളികളെ കയറ്റുന്നതുമുതല്‍ ട്രെയിനില്‍ ഇരുത്തുന്നതുവരെയുള്ള ചുമതല ഈ ഉദ്യോഗസ്ഥര്‍ക്കാണ്. ടോക്കണ്‍ നല്‍കി ബസില്‍ കയറ്റുന്ന തൊഴിലാളികളെ സാമൂഹിക അകലം ഉറപ്പാക്കിയാണ് ഇരുത്തുക. മാസ്‌ക് ധരിച്ചിരിക്കണമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയും കൈവശം കരുതണമെന്നും തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ മാസ്‌കുകള്‍ തൊഴില്‍ വകുപ്പാണ് ലഭ്യമാക്കുന്നത്.

ആദ്യം നാഗമ്പടം ബസ് സ്റ്റാന്റില്‍ എത്തിച്ച് ശരീരോഷ്മാവ് പരിശോധിച്ചശേഷം ടോക്കണ്‍ ക്രമപ്രകാരം തൊഴിലാളികളെ ബസില്‍ തന്നെ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

യാത്രാ വേളയില്‍ ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് 12000 ചപ്പാത്തിയും മലനാട് ഡവലപ്മെന്റ് സൊസൈറ്റി എല്ലാവര്‍ക്കും ഓരോ പാക്കറ്റ് ബ്രഡും അച്ചാറും സ്‌പോണ്‍സര്‍ ചെയ്തു. കുടിവെള്ളം ജില്ലാഭരണകൂടമാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ട്രെയിനില്‍ തൊഴിലാളികള്‍ക്ക് സീറ്റ് അനുവദിക്കുന്നതും കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചാണ്.