പി ജെ ജോസഫ് എല്‍ഡിഎഫിലേക്കോ..? പി.ജെ ജോസഫ് തനിച്ച് മുഖ്യമന്ത്രി പിണറായിയെ കണ്ടത് രഹസ്യ രാഷ്ട്രീയ നീക്കമെന്ന് സൂചന

പി ജെ ജോസഫ് എല്‍ഡിഎഫിലേക്കോ..? പി.ജെ ജോസഫ് തനിച്ച് മുഖ്യമന്ത്രി പിണറായിയെ കണ്ടത് രഹസ്യ രാഷ്ട്രീയ നീക്കമെന്ന് സൂചന

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം ) വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ രഹസ്യമായി കണ്ടത് കേരള രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. കേരള രാഷ്ട്രീയം പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് രാഷ്ട്രീയം എന്നും പ്രവചനാതീതമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഗണ്‍മാനെയും പേഴ്‌സണല്‍ സ്റ്റാഫിനെയും ഒഴിവാക്കി തനിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക മുറിയില്‍ ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ അടുത്ത് ജോസഫ് ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കുശേഷം തിരികെ ഇറങ്ങുമ്പോള്‍ വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങളെ ശ്‌ളാഘിച്ച് സംസാരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണഗതിയില്‍ ഉള്ള ഒരു കൂടിക്കാഴ്ചയായി രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പ്രവര്‍ത്തകരും മുഖ്യമന്ത്രിയും ജോസഫും തമ്മിലുള്ള കൂടിക്കാഴ്ചയെ കാണുന്നില്ല മറിച്ച് ജോസഫിന്റെ പുതിയ രാഷ്ട്രീയ മനം മാറ്റത്തിന്റെ സൂചനയായിട്ടാണ് കാണുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

കേരള കോണ്‍ഗ്രസ് എമ്മിലെ അധികാരത്തര്‍ക്കത്തില്‍ ജോസ് പക്ഷവും ജോസഫ് പക്ഷവും അസംതൃപ്തരാണ്. കോട്ടയം ജില്ലാ പഞ്ചായത്ത്, ചങ്ങനാശ്ശേരി നഗരസഭകളിലെ അധികാര തര്‍ക്കവും കേരള കോണ്‍ഗ്രസിന്റെ ചിഹ്ന വിഷയത്തില്‍ താമസംവിനാ വരാനിരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനവും മുന്നില്‍ കണ്ടുകൊണ്ടാണ് ജോസഫ് അടവുനയത്തിലേക്ക് വഴി മാറിയെന്നാണ് ലഭിക്കുന്ന സൂചന.

കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ലക്ഷ്യം പൂര്‍ത്തീകരിക്കുക. ഇടത് മുന്നണിയോട് പ്രത്യേകിച്ച് പിണറായി വിജയനോട് മൃദു സമീപനം സ്വീകരിച്ച് വേണ്ടിവന്നാല്‍ തനിക്ക് ഇടതുമുന്നണി അഭയം നല്‍കുമെന്ന് കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ജോസഫിന്റെ മനസ്സില്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കഴിഞ്ഞദിവസം ഇടുക്കി രൂപതയുടെ പ്രഥമാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മൃത സംസ്‌കാര ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതിന് ക്ഷണിച്ചപ്പോഴും ജോസഫ് അനവസരത്തിലും പിണറായി സര്‍ക്കാരിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.

1977 മുതല്‍ പിജെ ജോസഫിന്റെ രാഷ്ട്രീയം അറിയുന്നവര്‍ക്ക് ഇരുമുന്നണികളും അദ്ദേഹത്തിന് അനഭിമതരല്ല എന്ന് മനസ്സിലാക്കാന്‍ കഴിയും. കൂടാതെ ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ ഒരു കണ്ണ് എന്നും ജോസഫിന് ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. എന്തായാലും കേരള രാഷ്ട്രീയത്തില്‍ മറ്റൊരു ചര്‍ച്ചയ്ക്ക് കൂടി വഴിമരുന്നിടുന്ന ഒന്ന് തന്നെയാണ് ജോസഫ് – പിണറായി കൂടികാഴ്ച.

തലസ്ഥാന നഗരിയില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം നടക്കുന്ന ദിവസം തന്നെയാണ് ജോസഫ് ഈ കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുത്തതെന്ന കൗതുകം കൂടിയുണ്ട്. കോവിഡാനന്തര കേരള രാഷ്ട്രീയം പുതിയ രാഷ്ട്രീയത്തിന്റെയും മുന്നണി മാറ്റത്തിന്റെയും ആകുമെന്നാണ് തലസ്ഥാനത്തു നിന്നും ലഭിക്കുന്ന സൂചനകള്‍.