
സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറെ വലയുന്നുണ്ട് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍. അവശ്യസേവനങ്ങള്‍ക്ക് ലോക് ഡൗണ്‍ ബാധകമല്ലെങ്കിലും ദൂരെ പോയി മരുന്നുകള്‍ വാങ്ങുന്നവര്‍ക്കാണ് ഇത് ഏറെ തിരിച്ചടിയാവുന്നത്.
ലോക് ഡൗണില്‍ മരുന്ന് മുടങ്ങി ജനങ്ങളാരും കഷ്ടത്തിലാകാതിരിക്കാന്‍ പൊലീസും അഗ്‌നി രക്ഷാസേനയും കരുതലുമായി രംഗത്തുള്ളതാണ് ആശ്വാസം. ഇതരസംസ്ഥാനത്തുനിന്നും സ്ഥിരമായി മരുന്നെത്തിച്ച് ജീവന്‍ നിലനിര്‍ത്തുന്ന രോഗിക്ക് രക്ഷകരായ അഗ്‌നിരക്ഷാ സേനയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായി മാറിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊയിലാണ്ടിയില്‍ നിസ്സഹായതയിലായിപ്പോയ ഊരള്ളൂര്‍ അത്യോട്ടുമീത്തല്‍ പുഷ്പയ്ക്ക് ജീവന്‍ രക്ഷാമരുന്ന് എത്തിച്ച് നല്‍കിയിരിക്കുകായണ് കൊയിലാണ്ടി അഗ്നി രക്ഷാ സേന.
പോയ കുറച്ചപനാളുകളായി രോഗബാധിതയായി കഴിയുന്ന പുഷ്പ മുംബൈയിലെ സുമനസ്സുകള്‍ സൗജന്യമായി എത്തിച്ച് നല്‍കുന്ന മരുന്നുപയോഗിച്ചായിരുന്നു ജീവന്‍ നിലനിര്‍ത്തി പോന്നത്. ഒരു ലക്ഷം രൂപയോളം വിലവരുന്നതായിരുന്നു മരുന്ന്.
മുംബൈയിലെ വി കെയര്‍ ഫൗണ്ടേഷന്‍ സൗജന്യമായി നല്‍കി വരികയായിരുന്ന ഈ മരുന്നാണ് ലോക്ക്ഡൗണ്‍ മൂലം ലഭ്യമല്ലാതായതോടെ പുഷ്പ ആശങ്കയിലായത്. വിവരമറിഞ്ഞ സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍ ശ്രീരാജ് ഇക്കാര്യം ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് വ്യാഴാഴ്ച രാവിലെ മരുന്ന് പുഷ്പയുടെ വീട്ടിലെത്തിച്ച് നല്‍കുകയായിരുന്നു.
മുംബൈയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്നേഹ മാത്യു എന്ന നേഴ്സ് മുഖേന ആംബുലന്‍സില്‍ കൊടുത്തയച്ച മരുന്നാണ് റീജണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുല്‍ റഷീദിന്റെ നിര്‍ദേശപ്രകാരം ഫയര്‍ &റെസ്‌ക്യൂ വാഹനത്തില്‍ കാസര്‍കോട് നിന്നും കോഴിക്കോട് കൊയിലാണ്ടിയില്‍ പുഷ്പയുടെ വീട്ടില്‍ എത്തിച്ചു കൊടുത്തത്.
കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സിപി ആനന്ദന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ സതീശന്‍, ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ മനുപ്രസാദ്, മനോജ്, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരായ അഷ്റഫ് കാപ്പാട്, ശ്രീരാജ്, നിഥിന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.
മരുന്ന് എത്തിച്ചു നല്‍കാന്‍ ആവശ്യമുള്ളവര്‍ 101 എന്ന നമ്പറില്‍ വിളിച്ചാല്‍ അധികൃതര്‍ വാട്സ്ആപ്പ് നമ്പര്‍ നല്‍കും. മരുന്നിന്റെ കുറിപ്പടി ആ നമ്പറിലേക്ക് അയച്ചു നല്‍കണം. തുടര്‍ന്ന് മറ്റ് ഫയര്‍ &റെസ്‌ക്യൂ ഓഫീസുമായി ചേര്‍ന്നാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സ്ഥലങ്ങളില്‍ മരുന്നെത്തിക്കുന്നത്.