play-sharp-fill
പനച്ചിക്കാട്ടെ കോവിഡ് രോഗിയായ അറുപതുകാരി കുറിച്ചിയിലും എത്തി: പ്രാഥമിക പട്ടികയിലുള്ള 24 പേർ നിരീക്ഷണത്തിൽ; ഇവരുമായി സമ്പർക്കത്തിലുള്ളവർ ബന്ധപ്പെടണമെന്നു ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പനച്ചിക്കാട്ടെ കോവിഡ് രോഗിയായ അറുപതുകാരി കുറിച്ചിയിലും എത്തി: പ്രാഥമിക പട്ടികയിലുള്ള 24 പേർ നിരീക്ഷണത്തിൽ; ഇവരുമായി സമ്പർക്കത്തിലുള്ളവർ ബന്ധപ്പെടണമെന്നു ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: പനച്ചിക്കാട് കോവിഡ് ബാധിച്ച് എത്തിയ ആരോഗ്യ പ്രവർത്തകന്റെ അമ്മയായ അറുപതുകാരി കുറിച്ചി പഞ്ചായത്തിലെ മരണവീട് സന്ദർശിച്ചതായി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 24 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയ ആരോഗ്യ വകുപ്പ് ഇവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

ഏപ്രിൽ 21 ന് രാത്രി എട്ടിനും 8.15 നും ഇടയിലാണ് ഇവർ കുറിച്ചി ഗ്രാമപഞ്ചായത്തിനു സമീപം അയിരൂർ വീട്ടിൽ ഓമന(59)യുടെ മരണവീട് സന്ദർശിച്ചത്. ഇതേ തുടർന്നാണ് ഈ മരണവീട്ടിൽ അടക്കം എത്തിയ ആളുകളെ ക്വാറന്റൈനിൽ ആക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട് കുഴിമറ്റം സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ തിരുവനന്തപുരത്തു നിന്നും എത്തിയതായിരുന്നു. ഇയാൾക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മാതാപിതാക്കളുടെ ശ്രവം പരിശോധിച്ചതിൽ ഇയാളുടെ അമ്മയ്ക്കു കൊറോണ സ്ഥിരീകരിച്ച ഫലം ശനിയാഴ്ച ഉച്ചയോടെയാണ് പുറത്തു വന്നത്.

ആരോഗ്യ പ്രവർത്തകന്റെ അമ്മയുടെ റൂട്ട് മാപ്പ് ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ ആരോഗ്യ വകുപ്പ് പുറത്തു വിട്ടേയ്ക്കും. ഇവർക്കു കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുറിച്ചി പഞ്ചായത്തിലും എത്തിയതായി കണ്ടെത്തിയത്.

കുറിച്ചിയിലെ ആരോഗ്യ പ്രവർത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ –

കുറിച്ചി ഗ്രാമപഞ്ചായത്തിലെ കാലായിപ്പടിയിൽ ഗ്രാമപഞ്ചായത്ത് ആഫീസിനു സമീപം അയിരൂർ വീട്ടിൽ ശ്രീമതി ഓമന – 59 എന്നയാൾ മരണപ്പെട്ട വീട്ടിൽ 21/04/2020 ചൊവ്വാഴ്ച രാത്രി 8 PM നും 8.15 PM നും ഇടയ്ക്ക് പനച്ചിക്കാട് കുഴിമറ്റം സ്വദേശി, കോവിഡ് രോഗിയായ 60 വയസ്സുള്ള സ്ത്രീ എത്തിയിരുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ടിയാൾ പോസിറ്റീവായി എന്നറിഞ്ഞ 25/04/2020 ശനിയാഴ്ച വൈകുന്നേരം തന്നെ ടിസ്ഥലത്ത് ബന്ധപ്പെടുകയും ടിയാൾ വന്ന സമയത്ത് മരണവീട്ടിൽ ഉണ്ടായിരുന്നതും തുടർന്ന് അവരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തുവെന്നു കരുതുന്ന 24 പേരുടെ പ്രാഥമിക സമ്പർക്ക പ്പട്ടിക തയ്യാറാക്കി അന്നേ ദിവസം രാത്രി തന്നെ ജില്ലാ കൊറോണാ കൺട്രോൾ സെല്ലിൽ നൽകുകയും സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരോട്ടടും Quarantine -ൽ പോകാൻ നിർദ്ദേശിക്കുകയും ചെയ്തു.ഈ പട്ടികയിൽ 18 പേർ കുറിച്ചി ഗ്രാമപഞ്ചായത്ത് നിവാസികളും 6 പേർ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് നിവാസികളുമാണ്.
കുറിച്ചി ഗ്രാമപഞ്ചായത്ത് നിവാസികളിൽ 8 പേർ പ്രൈമറി കോൺടാക്ടുകളും 10 പേർ സെക്കൻഡറി കോൺടാക്ടുകളുമാണ്.
ഇവരുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ സി. എച്ച്.സി സചിവോത്തമപുരം ഹെൽത്ത് ഇൻസ്പെക്ടറെ (കുറിച്ചി ഗ്രാമപഞ്ചായത്ത്)- നെ 9447137615 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കോവിഡ് രോഗികൾ സന്ദർശനം നടത്തിയെന്നത് സത്യമാണെങ്കിലും ആർക്കും തന്നെ ഇതുവരെ രോഗമോ രോഗലക്ഷണങ്ങളോ ഇല്ല.
എന്തെങ്കിലും വ്യാജ വാർത്തകളോ സന്ദേശങ്ങളോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ ഐ. റ്റി.നിയമപ്രകാരം നടപടിയെടുക്കും

അനിൽ കുമാർ.കെ
ഹെൽത്ത് ഇൻസ്പെക്ടർ
സി.എച്ച്.സി സചിവോത്തമപുരം
കുറിച്ചി ഗ്രാമപഞ്ചായത്ത്.