വാറണ്ട് പ്രതികളെ പിടിക്കാൻ പോലീസിന് താല്പര്യമില്ല; കേരളത്തിലെ കോടതികളിൽ കെട്ടികിടക്കുന്നത് 1,47,266 കേസുകൾ
സ്വന്തം ലേഖകൻ
കൊച്ചി: ജാമ്യത്തിലിറങ്ങി മുങ്ങിയതും സമൻസ് അയച്ചിട്ടും പ്രതികൾ ഹാജരാക്കാത്തതിനാലും കേരളത്തിലെ കോടതികളിൽ കെട്ടിക്കിടക്കുന്നത് 1,47,266 കേസുകൾ. കേസുകൾ വൈകിയതു സംബന്ധിച്ച് നൽകിയ സ്വകാര്യ ഹർജിയിൽ ഹൈക്കോടതി ശേഖരിച്ച കണക്കാണിത്. 20 വർഷംവരെ പഴക്കമുള്ള കേസുകൾ ഇവയിലുണ്ട്. എൽ.പി. (ലോങ് പെന്റിങ്) കേസുകൾ എന്നറിയപ്പെടുന്ന ഇവ പെട്ടെന്നു തീർക്കാനുള്ള നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. വാറണ്ട് പ്രതികളെ പിടികൂടുന്നതിന് പോലീസ് താല്പര്യം കാണിക്കാത്തതാണ് ഇത്തരത്തിൽ ലോംങ് പെൻഡിംഗ് കേസുകൾ വർദ്ധിക്കാൻ കാരണം. സംസ്ഥാനത്തെ മജിസ്ട്രറ്റ് കോടതികളിൽ 1,44,428, സെഷൻസ് കോടതികളിൽ 2838 എന്നിങ്ങനെയാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം. കൂടുതൽ തിരുവനന്തപുരത്താണ് (21,495). എറണാകുളം (20,401), തൃശ്ശൂർ (17,491) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. സാക്ഷിയെ ഹാജരാക്കാൻ വൈകുന്നുവെന്ന ആലുവ സ്വദേശി ഹംസയുടെ പരാതിയിൽ ജസ്റ്റിസ് എ. ഹരിപ്രസാദാണ് കെട്ടിക്കിടക്കുന്ന എൽ.പി. കേസുകളുടെ വിവരങ്ങൾ ശേഖരിച്ചത്. 2018 ഏപ്രിൽ 13-നുവന്ന വിധിയിൽ മാർച്ച് വരെയുള്ള വിവരങ്ങളാണുള്ളത്. കേസിൽ എതിർകക്ഷിയായ സംസ്ഥാന പോലീസ് മേധാവി ഇതിന് സ്വീകരിക്കേണ്ട നടപടികൾ സർക്കുലറായി കോടതിയിൽ സമർപ്പിച്ചു.